ഒമ്പത് പേർ കൊല്ലപ്പെട്ട ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം അട്ടിമറിയല്ലെന്ന് പൊലീസ്. അബദ്ധത്തിലുണ്ടായ സ്ഫോടനമെന്നാണ് ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ വിശദീകരണം. പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിന്റെ ഫോട്ടേഗ്രാഫേഴ്സുമാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രതികരിച്ചു.
ഇന്നലെ രാത്രി 11:20 ഓടെയാണ് നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. വലിയ സ്ഫോടകവസ്തു ശേഖരവും രാസവസ്തുക്കളും പൊലീസ് സ്റ്റേഷന്റെ തുറന്ന സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിച്ചിരുന്നു.
ഡൽഹി സ്ഫോടനവുമായി ബന്ധമുള്ള ഫരീദാബാദ് വെള്ളക്കോളർ ഭീകരസംഘത്തിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചുവെന്നും മറ്റ് ഊഹാപോഹങ്ങൾ അനാവശ്യമെന്നും ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് സർക്കാർ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment