‘കേരളം പടച്ചട്ട, ബുള്‍ഡോസറുകള്‍ കയറിയിറങ്ങാത്തതിന്റെ കാരണം’; പാര്‍ലമെന്റില്‍ ബ്രിട്ടാസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയും കോണ്‍ഗ്രസും സംയുക്തമായി സന്തോഷിക്കുന്നുണ്ടെന്നും ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചതെന്നും ബ്രിട്ടാസ് രാജ്യസഭയില്‍ പറഞ്ഞു.

തീവ്രപക്ഷങ്ങളെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന കസര്‍ത്ത് ആര്‍എസ്എസിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിന്റെ ക്രെഡിറ്റിനു വേണ്ടി വിലപേശിയവരാണ് കോണ്‍ഗ്രസും ആര്‍എസ്എസും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വിജയിച്ചു എന്നുപറഞ്ഞ് പരസ്പരം അനുമോദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയില്‍ കോണ്‍ഗ്രസും ബിജെപിയും സംയുക്തമായി സന്തോഷിക്കുന്നുണ്ട്. ഇവരുടെ സംയുക്ത സന്തോഷങ്ങളാണ് ഇന്ത്യയെ എക്കാലത്തും ദുരന്തങ്ങളിലേക്ക് നയിച്ചത്. ജനഹിതം മനസ്സിലാക്കി തിരുത്തല്‍ നടപടികളുമായി ഇടതുപക്ഷം മുന്നോട്ടു പോകും.

എന്നാല്‍ തീവ്രപക്ഷങ്ങളെ കൂടെ നിര്‍ത്തി കോണ്‍ഗ്രസ് നടത്തുന്ന കസര്‍ത്ത് ആര്‍എസ്എസിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിന്റെ ക്രെഡിറ്റിനു വേണ്ടി വിലപേശിയവരാണ് കോണ്‍ഗ്രസും ആര്‍എസ്എസും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി വിജയിച്ചു എന്നുപറഞ്ഞ് പരസ്പരം അനുമോദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമാണ്.

കേരളത്തില്‍ ബുള്‍ഡോസറുകള്‍ കയറിയിറങ്ങാത്തതിന്റെ പ്രധാന കാരണം കേരളം പടച്ചട്ടയായി നിലകൊള്ളുന്നതിനാലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും ഇടതുപക്ഷം മുന്നോട്ട് പോകും.

കോര്‍പ്പറേറ്റുകളില്‍ നിന്നും ഭീമമായ സംഖ്യ വാങ്ങി തിരഞ്ഞെടുപ്പുകള്‍ അപ്പാടെ റാഞ്ചുന്ന തലത്തിലേക്ക് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പണാധിപത്യവും പേശിബലവുമാണ് തെരഞ്ഞെടുപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിലാണ് കോര്‍പ്പറേറ്റുകള്‍ കേന്ദ്ര ഭരണകക്ഷിക്ക് സംഭാവന നല്‍കുന്നത്. രാജ്യസഭയില്‍ നടന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.

Be the first to comment

Leave a Reply

Your email address will not be published.


*