കേരള കോണ്‍ഗ്രസ് എമ്മിനെ വീണ്ടും ക്ഷണിച്ച് യുഡിഎഫ്; മറുപടിയുമായി ജോസ് കെ മാണി

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച സജീവമായത്. അതേസമയം ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ജോസ് കെ മാണിയെയും കൂട്ടരെയും യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി നിലപാട് കേരള കോണ്‍ഗ്രസ് എം സ്വീകരിച്ചില്ല. സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് തന്നെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസിനെ എമ്മിനെ കൂടി കൊണ്ടുവന്നു നിയമസഭയില്‍ കരുത്ത് തെളിയിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിനോടകം പല നേതാക്കളും ജോസിനെയും കൂട്ടരെയും സ്വാഗതം ചെയ്യുകയും ചെയ്തു.

ജോസ് കെ മാണിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച മാണി സി കാപ്പനും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. രണ്ട് കൈയ്യും നീട്ടി കേരള കോണ്‍ഗ്രസിനെ സ്വീകരിക്കുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുന്നണി മാറാന്‍ ഇല്ലെന്നാണ് ജോസ് കെ മാണി പറയുന്നത്.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടെങ്കിലും കേരള കോണ്‍ഗ്രസ എമ്മിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല എന്നാണ് ഇവരുടെ വിലയിരുത്തല്‍. ഈ വിഷയത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമോ എന്നും യുഡിഎഫ് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*