മലയാളികളിലെ അതിസമ്പന്നൻ ആരെന്ന ചോദ്യത്തിന് ഫോബ്സിന്റെ റിയൽ ടൈം ശതകോടീശ്വരപ്പട്ടിക നൽകുന്ന ഉത്തരം ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് എന്നാണ്. പട്ടിക പ്രകാരം 6.7 ബില്യൺ ഡോളർ അഥവാ 59,000 കോടി രൂപ ആസ്തിയോടെ 566ആം സ്ഥാനത്താണ് അറുപത്തിയൊൻപതുകാരനായ ജോയ് ആലുക്കാസ്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയാണ്. 5.4 ബില്യൺ ഡോളർ അഥവാ 47,500 കോടി രൂപ ആസ്തിയുമായി 749ആം സ്ഥാനത്താണ് എം എ യൂസഫലി. പട്ടികയിലെ മലയാളികളിൽ മൂന്നാമതെത്തിയിരിക്കുന്നത് ജെംസ് എഡ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കിയാണ്. 4 ബില്യൺ ഡോളറോടെ 999ആം റാങ്ക്. മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർ സാറാ ജോർജ് മുത്തൂറ്റ് ആണ് പട്ടികയിലെ മലയാളി വനിതാ സാന്നിധ്യം.
ഇവരാണ് ഫോബ്സ് പട്ടികയിലിടം പിടിച്ച് തിളങ്ങിയ മറ്റ് മലയാളികൾ
ആസ്തി/ആഗോള പട്ടികയിലെ റാങ്ക്
രവി പിള്ള, ആർപി ഗ്രൂപ്പ് ചെയർമാൻ : $3.9 ബില്യൺ (1015)
ടി.എസ്. കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ : $3.6 ബില്യൺ (1108)
എസ്. ഗോപാലകൃഷ്ണൻ, ഇൻഫോസിസ് സഹസ്ഥാപകൻ : $3.5 ബില്യൺ (1166)
രമേശ് കുഞ്ഞിക്കണ്ണൻ, കെയ്ൻസ് ഗ്രൂപ്പ് മേധാവി : $3.0 ബില്യൺ (1324)
സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്- മുത്തൂറ്റ് ഫിനാൻസ് : $2.5 ബില്യൺ വീതം (1575)
ഷംസീർ വയലിൽ, ബുർജീൽ ഹോൾഡിങ്സ് : $1.9 ബില്യൺ (2012)
എസ്.ഡി. ഷിബുലാൽ, ഇൻഫോസിസ് : $1.9 ബില്യൺ (2037)
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി-ഗാർഡ് ഇൻഡസ്ട്രീസ് : $1.4 ബില്യൺ (2556)
ആഗോള ശതകോടീശ്വരപ്പട്ടിക ആകെ മാറിമറിഞ്ഞ മണിക്കൂറുകളായിരുന്നു കടന്നുപോയത്. ബ്ലൂംബെർഗ് ബില്യണയോഴ്സ് ഇൻഡക്സിൽ കഴിഞ്ഞ ഒരു വർഷത്തിലെറെയായി ഒന്നാം സ്ഥാനം കയ്യടക്കിവച്ചിരുന്ന മസ്കിന് കുറച്ച് മണിക്കൂറുകളിലേക്കെങ്കിലും വഴിമാറേണ്ടി വന്നു. പട്ടികയിൽ കുറച്ചുസമയത്തേക്കെങ്കിലും എലോൺ മസ്കിനെ മുട്ടുകുത്തിച്ച് ഓറക്കിൾ സഹസ്ഥാപകനും എൺപത്തിയൊന്നുകാരനുമായ ലാറി എലിസൺ മുന്നിലെത്തിയിരുന്നു.
ഓറക്കിളിന്റെ ഓഹരി വില കുതിച്ചുയർന്നതോടെ ഒറ്റ ദിവസം കൊണ്ട് 101 ബില്യൺ ഡോളറാണ് എല്ലിസന്റെ വരുമാനത്തിൽ കൂടിയത്. അങ്ങനെ 393 ഡോളർ ആസ്തിയോടെ ഓറക്കിൾ മേധാവി ഒന്നാമതെത്തി. മണിക്കൂറികൾക്കുള്ളിൽ മസ്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും എല്ലിസനും ഓറക്കിളിനും ചരിത്ര നേട്ടമായിരുന്നു പട്ടികയിലെ കയറ്റം.



Be the first to comment