
ന്യൂഡല്‍ഹി: നിയമ ബിരുദം നേടിയവര്‍ക്ക് ഉടന്‍ തന്നെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ സര്‍വീസിലെ എന്‍ട്രി ലെവല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ നിയമ പ്രാക്ടീസ് നിര്‍ബന്ധമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസുമാരായ അഗസ്റ്റിന് ജോര്‍ജ് മാസിഹ്, കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സിവില്‍ ജഡ്ജിമാരുടെ (ജൂനിയര്‍ ഡിവിഷന്) പരീക്ഷ എഴുതാന്‍ മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് ആവശ്യമുണ്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യല്‍ റിക്രൂട്ട്മെന്റിന് ഇത് ബാധകമല്ല. ഈ വ്യവസ്ഥ ഭാവിയിലെ നിയമനങ്ങള്‍ക്ക് മാത്രമേ ബാധകമാകൂവെന്നും കോടതി വ്യക്തമാക്കി.
പുതിയ നിയമ ബിരുദധാരികളുടെ നിയമനം നിരവധി ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ഒന്നിലധികം ഹൈക്കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജുഡീഷ്യല്‍ കാര്യക്ഷമതയും കഴിവും ഉറപ്പാക്കുന്നതിന് കോടതിയിലെ പ്രായോഗിക പരിചയം അത്യാവശ്യമാണ്. വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ലീഗല്‍ ക്ലാര്‍ക്കുമാരായുള്ള പരിചയവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയത്തില്‍ ഉള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി.
താല്‍ക്കാലിക എന്റോള്‍മെന്റ് തീയതി മുതല്‍ പ്രാക്ടീസ് കാലയളവ് കണക്കാക്കാം. കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഒരു അഭിഭാഷകനില്‍ നിന്നുള്ളതും, ജുഡീഷ്യല്‍ ഓഫീസര്‍ അംഗീകരിച്ചതുമായ സര്‍ട്ടിഫിക്കറ്റ് പ്രസ്തുത വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ഉപയോഗിക്കാം. സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പ്രാക്ടീസ് ചെയ്യുന്ന ഒരാള്‍ക്ക് കോടതി നിയോഗിച്ച ഉദ്യോഗസ്ഥന് അംഗീകരിച്ചതും, കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതുമായ അഭിഭാഷകന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി സമര്‍പ്പിക്കാം.
Be the first to comment