ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ അയയാതെ ലത്തീൻ സഭ. തിരഞ്ഞെടുപ്പ് അടുത്ത ഈ സമയത്ത് റിപ്പോർട്ട് പുറത്ത് വരുന്നതിൽ ദുരൂഹത ഉണ്ടെന്നും, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട തങ്ങളുടെ ആവശ്യങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിലെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞു. റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിക്കാത്തത്തിൽ നിഗൂഢത ഉണ്ടെന്ന് പാലക്കാട് രൂപത ജനറൽ ഫാ ജീജോ ചാലക്കലും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന് മന്ത്രിസഭാ തത്വത്തിൽ അംഗീകാരം നൽകിയത്. റിപ്പോർട്ട് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനം എടുത്തു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കികൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്തെത്തിയത്. കാലങ്ങളായി പരിഹരിക്കപെടാത്ത സഭയുടെ ആവശ്യം തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയത്ത് പരിഗണിക്കുന്നതിൽ ദുരൂഹത ഉണ്ടെന്നാണ് സഭയുടെ നിലപാട്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല എന്നും വികാരി ജനറൽ പറഞ്ഞു. ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിൽ എത്രയും വേഗം റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത് വിടണം എന്നതാണ് സഭയുടെ ആവശ്യം.
അതേസമയം, ഇതേ വിഷയം ഉയർത്തി വിമർശനവുമായി പാലക്കാട് രൂപതയും രംഗത്തെത്തി.റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത്തിൽ നിഗൂഢത ഉണ്ടെന്ന് രൂപത വികാരി ജനറൻ ഫാ.ജീജോ ചാലക്കൽ പറഞ്ഞു. പലതും നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നില്ലെന്ന് രൂപത വിമർശിച്ചു.



Be the first to comment