ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യ കാന്ത് നിയമിതനായി. നവംബര്‍ 24നാണ് സത്യപ്രതിജ്ഞ നടക്കുക. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ജസ്റ്റിസ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 16 മാസത്തോളം അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്.
നവംബര്‍ 23ന് വിരമിക്കുന്ന ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസാകുന്നത്. 1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ പെറ്റ്വാര്‍ ഗ്രാമത്തിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. 1984 ല്‍ റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം നിയമബിരുധം കരസ്ഥമാക്കുന്നത്. അതേവര്‍ഷം തന്നെ അദ്ദേഹം പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 1985ലാണ് അദ്ദേഹം പഞ്ചാബ്, ഹരിയാന ഹൈക്കോടതി അഭിഭാഷകനാകുന്നത്. 2000 ജൂലൈ 7-ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി.
2018 ഒക്ടോബര്‍ അഞ്ചിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായിരുന്നു. 2019 മെയ് 24 മുതല്‍ അദ്ദേഹം സുപ്രിംകോടതിയില്‍ സേവനമനുഷ്ഠിച്ച് വരികയാണ്.



Be the first to comment