ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാനുള്ള പ്രമേയം ഉടന്‍ പാര്‍ലമെന്റിലെത്തും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച്
ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കാനായി ലോകസഭ യിലെ 100 അംഗങ്ങളുടെയും രാജ്യസഭയിലെ 50 അംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. ഇമ്പീച്ച് ചെയ്യുന്നതിനായി ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാല്‍, പ്രതിപക്ഷ പാര്‍ട്ടകളുമായി സമവായം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറും ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയും പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*