ഒരുത്തനും എന്നെ വിമർശിക്കാൻ വരേണ്ട; കെഎസ്ആർടിസിയിൽ മാലിന്യം കണ്ടാൽ ഇനിയും നടപടിയെടുക്കും: കെ ബി ഗണേഷ്‌കുമാർ

കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയതില്‍ ജീവനക്കാരനെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ മാലിന്യം കണ്ടാല്‍ ഇനിയും നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. താന്‍ മന്ത്രിയായിരിക്കുന്നിടത്തോളം ബസില്‍ മാലിന്യം ഇടാന്‍ അനുവദിക്കില്ല. വാഹനം പരിശോധിക്കാതെ വിടുന്ന ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടാകും. ഒരുത്തനും തന്നെ വിമര്‍ശിക്കാന്‍ വരേണ്ടതില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

മാലിന്യം നിക്ഷേപിക്കാന്‍ പുതിയ ബസുകളില്‍ മൂവായിരത്തോളം ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതൊന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ നെഞ്ചത്ത് കയറലല്ല. ഒന്നാം തീയതി ജീവനക്കാര്‍ ശമ്പളം കൊടുത്തപ്പോള്‍ ഒരുത്തനേയും കണ്ടില്ല. കെഎസ്ആര്‍ടിസിയുടെ പടം ഇട്ട് സമരം നടത്തുന്നവന്‍മാര്‍ അലവലാതികളാണ്. കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ച് പ്രശംസരാകാമെന്ന് ആരും വിചാരിക്കേണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കുപ്പി സൂക്ഷിച്ച സംഭവത്തില്‍ പൊന്‍കുന്നം യൂണിറ്റിലെ ഡ്രൈവര്‍ സജീവ് കെ എസിനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം ആയൂരിലെ എംസി റോഡിലായിരുന്നു ബസില്‍ കുപ്പി സൂക്ഷിച്ചതില്‍ പ്രകോപിതനായി മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിക്കുകയും ചെയ്തത്. തുടര്‍ന്ന് ഗണേഷ് കുമാറിന്റെത് വെറും ഷോ ആണെന്ന വിമര്‍ശനം ശക്തമായിരുന്നു. മന്ത്രി സോഷ്യല്‍മീഡിയയ്ക്ക് വേണ്ടി ജീവിക്കുന്നയാളെന്നായിരുന്നു എം വിന്‍സെന്റിന്റെ പരിഹാസം.

Be the first to comment

Leave a Reply

Your email address will not be published.


*