‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടനും മന്തിയുമായ കെബി ഗണേഷ് കുമാർ. ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു. മലയാളികൾ ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് പറയാതെ, ഓർക്കാതെ കടന്നു പോകില്ല. ശ്രീനിവാസന്റെ വിയോഗം തീരാ നഷ്ട്ടമാണ്, ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

”മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു.. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു… ലോകത്തിന്റെ ഏത് കോണിൽ മലയാളികൾ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓർക്കാതെ കടന്ന് പോകില്ല… “ദാസാ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് മോനേ…” തുടങ്ങി മലയാളികൾ എന്നും ഓർക്കുന്ന എത്ര എത്ര ഡയലോഗുകൾ..ഇനി ഇതുപോലെ ഒരു കലാകാരനെ നമ്മൾക്ക് കിട്ടില്ലാ… ഓരോ രചനകളും മലയാളികളെ സംബന്ധിച്ചിടത്തോളം ചിരികൾ മാത്രമല്ല സമ്മാനിച്ചത്, അവരെ ചിന്തിപ്പിക്കുക കൂടിയാണ് ചെയ്തത്..തീരാ നഷ്ട്ടമാണ്, ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ലാ…”- കെബി ഗണേഷ് കുമാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേർക്കുന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽപ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.

സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകർഷതാബോധമുള്ള ഒരു ഭർത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂർവ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ശ്രീനിവാസനെ തേടിയെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*