‘മരണത്തിൽ പോലും രാമായണം വായിക്കുന്ന ചാണ്ടി ഉമ്മൻ ബൈബിൾ വായിക്കണം, ഉമ്മൻ ചാണ്ടിയാണ് എന്നെ ചതിച്ചത്’; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെയും ആരോപണങ്ങളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുൻപ് മന്ത്രിസ്ഥാനം രാജിവെച്ചപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നൽകി തന്നെ പറ്റിച്ച ഉമ്മൻചാണ്ടി തന്നോട് ചെയ്തത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്നും കുടുംബതർക്കങ്ങളിൽ മധ്യസ്ഥനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ ഉന്നയിച്ച ആരോപണങ്ങൾക്കും ഗണേഷ് കുമാർ മറുപടി നൽകി. ‘കള്ളസാക്ഷി പറയരുത്’ എന്ന ബൈബിൾ വചനം ചാണ്ടി ഉമ്മൻ ഓർക്കണമെന്നും അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് അദ്ദേഹത്തിന് ഗുണകരമാകില്ലെന്നും മന്ത്രി പരിഹസിച്ചു.

സോളാർ കേസിലെ കത്തുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകുന്ന രീതിയിലാണ് താൻ സിബിഐക്ക് മൊഴി നൽകിയത്. എന്നാൽ ആ നന്ദി പോലും അദ്ദേഹം കാണിച്ചില്ലെന്നും, ചാണ്ടി ഉമ്മൻ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ പല കാര്യങ്ങളും തനിക്ക് വിളിച്ചു പറയേണ്ടി വരുമെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി.

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും രൂക്ഷമായ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്. അന്തരിച്ച നേതാവ് കെ. കരുണാകരന്റെ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച രാഹുലിനെ വിലക്കാൻ കോൺഗ്രസിൽ ആരും ഉണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെ.സി വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് പോലും ഇത്തരം പരാമർശങ്ങളെ തിരുത്താൻ തോന്നിയില്ലെന്നും, തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണോ ചാണ്ടി ഉമ്മന് ഇത്തരം കാര്യങ്ങൾ ഓർമ്മ വന്നതെന്നും ചോദിച്ച ഗണേഷ് കുമാർ കോൺഗ്രസിന്റെ നിലപാടുകളെ അദ്ദേഹം വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*