തിരുവനന്തപുരം:ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കു കൂടുതലായി പുറത്തുവരുന്നതിനിടെ, ബോര്‍ഡ് യോഗങ്ങളുടെ നടപടികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ്കെ ജയകുമാര്‍. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളില്‍ മേലുള്ള വിശദമായ ബോര്‍ഡ് കുറിപ്പുകള്‍ ഏകീകരിച്ച് ഒരു ഫോള്‍ഡറിലാക്കി അജണ്ട ഇനങ്ങള്‍ ബോര്‍ഡ് മീറ്റിങിന് മുന്‍പായി പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കണം. ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട തരുന്ന മാസ്റ്റര്‍ കോപ്പി കണ്‍സോളിഡേറ്റ് ചെയ്യേണ്ടതും അടുത്ത ബോര്‍ഡ് മീറ്റിങില്‍ കഴിഞ്ഞ ബോര്‍ഡ് മീറ്റിങിന്റെ മിനുട്സ് സ്ഥിരികരിക്കേണ്ടതുമാണ്. അധികാരം കൈമാറേണ്ടതായ കാര്യങ്ങളില്‍ അതത് ഡിപ്പാര്‍ട്ടുമെന്റ് തന്നെ തീരുമാനം എടുക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
കട്ടിളപ്പടിയിലെ പാളികള്‍ സ്വര്‍ണം പൂശണമെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ അപേക്ഷ താന്‍ ബോര്‍ഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നും പ്രസിഡന്റായിരുന്ന പത്മകുമാര്‍ അമിത താത്പര്യമെടുത്ത് നടപടി വേഗത്തിലാക്കിയെന്നും ദേവസ്വം മുന്‍ കമ്മീഷണറായ എന്‍ വാസു പ്രത്യേക അന്വഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു
എന്നാല്‍ കമ്മീഷണറായിരിക്കെ വാസു നല്കിയ ശുപാര്‍ശയനുസരിച്ചാണ് മറ്റുവിഷയങ്ങള്‍ക്കൊപ്പം ബോര്‍ഡ് ഇതിലും തീരുമാനമെടുത്തതെന്നാണ് പത്മകുമാര്‍ നല്കിയ മൊഴി. ബോര്‍ഡ് യോഗം പരിഗണിക്കേണ്ട വിഷയങ്ങളെ കുറിച്ചും വ്യവസ്ഥാപിത നടപടിക്രമം ഇല്ലെന്ന് ഇതോടെ വ്യക്തമായി. രേഖകളില്‍ തിരുത്തല്‍ വരുത്താറുണ്ടായിരുന്നുവെന്നും കണ്ടെത്തി. ദേവസ്വം യോഗത്തിന്റെ അജണ്ടയില്‍ പത്മകുമാര്‍ തിരുത്തല്‍ വരുത്തിയെന്ന് എസ്ഐടിയും കണ്ടെത്തി.



Be the first to comment