ശബരിമല സ്വർണക്കൊള്ളയിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സത്യം അന്വേഷിച്ചുള്ള ഏത് പ്രവർത്തിക്കും ഒപ്പമുണ്ടാകുമെന്നും കെ ജയകുമാർ പറഞ്ഞു. അന്വേഷണത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുമെന്ന് ജയകുമാർ വ്യക്തമാക്കി.
അന്നത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കട്ടെ. വഴിപാട് ക്രമക്കേടിലും കോടതി അന്വേഷണം നടക്കണം. അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ ഞങ്ങളുടെ ഭരണസമിതി തയാറാണെന്ന് ജയകുമാർ വ്യക്തമാക്കി. ഇഡി അന്വേഷണത്തോട് പൂർണമായി സഹകരിക്കണം. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്യണമെന്ന് അദേഹം പറഞ്ഞു.
വിശ്വാസികൾക്ക് ദേവസ്വം ബോർഡിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് പുതിയ ഭരണസമിതി. ദേവസ്വം ബോർഡിനെതിരായ പരാതികൾ സിസ്റ്റാമാറ്റിക് ആയിട്ട് പരിഹരിക്കണമെന്നാണ് പുതിയ ബോർഡിന്റെ ആഗ്രഹം. പഴയ ബോർഡ് ചെയ്തികളെ കുറിച്ച് പ്രതികരിക്കാൻ തനില്ലെന്ന് ജയകുമാർ പറഞ്ഞു. ഇപ്പോൾ സംഭവിച്ച ക്രമക്കേടുകൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ആണ് പുതിയ ഭരണസമിതി ശ്രമിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക റെയ്ഡ് നടത്തുകയാണ് ഇഡി. സ്വർണക്കൊള്ളയിലെ പ്രതികളുടെ വീടുകളിലും, ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന തുടരുകയാണ്. രാവിലെ ആറ് മണിയോടെ തുടങ്ങിയ റെയ്ഡ് പുരോഗമിക്കുന്നു.



Be the first to comment