ശബരിമലയെ തകര്‍ക്കുന്നത് അഴിമതി, ഭഗവാന് സ്പോൺസർമാരുടെ ആവശ്യമില്ല, വെളിപ്പെടുത്തലുമായി കെ. ജയകുമാർ

കോഴിക്കോട്: ശബരിമലയെ തകർക്കുന്നത് രാഷ്ട്രീയമല്ല; അതിനപ്പുറം അവിടെ നടക്കുന്ന അഴിമതിയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. എല്ലാ തലത്തിലും അഴിമതി പെരുകിയിരിക്കുകയാണെന്ന് ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അയ്യപ്പനെ മുൻനിർത്തി പരമാവധി പണമുണ്ടാക്കുക എന്നതാണ് ചിലരുടെ ചിന്ത. അതിൽ ഒന്ന് നേരായ രീതിയിലുള്ള കച്ചവടങ്ങളിലൂടെയാണെങ്കിൽ, മറ്റൊന്ന് വളഞ്ഞ വഴികളിലൂടെയാണ്. അവരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവർക്ക് അയ്യപ്പൻ ഒരു സ്വർണ്ണഖനിയോ പൊന്മുട്ടയിടുന്ന താറാവോ ആണ്.

ഒരു പ്രത്യേക വിഭാഗം കാലങ്ങളായി പരമ്പരാഗതമായി ശബരിമലയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അവർ ഇതിൽ ഉറച്ചുപോയി എന്ന് മാത്രമല്ല, മോഷണം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്ന രീതിയിലാണ് അവരുടെ പെരുമാറ്റം. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനെല്ലാം തടയിടും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് വരുന്നതിനുമുമ്പ് കമ്മീഷണറായിരുന്ന വ്യക്തിയാണ് താൻ. ആ സമയം മുതൽ ഇതെല്ലാം മനസ്സിലാക്കിയതാണ്. ഇപ്പോൾ കൂടുതൽ സ്വതന്ത്രമായ പദവിയിൽ എത്തിയ സാഹചര്യത്തിൽ, അഴിമതിയുടെ പുഴുക്കുത്തുകളെ ഒന്നൊന്നായി തുടച്ചുനീക്കുമെന്ന്  കെ. ജയകുമാർ പറഞ്ഞു.

ശബരിമല തീർത്ഥാടനം നടക്കുന്നത് തീർത്തും ‘അൺപ്രൊഫഷണൽ’ ആയാണ്. പ്രൊഫഷണലിസം എന്നത് അവിടെ തീരെയല്ല. മുൻകൂട്ടി ആസൂത്രണം ചെയ്യാതെയാണ് കോടിക്കണക്കിന് അയ്യപ്പഭക്തന്മാർ മല ചവിട്ടുന്ന ശബരിമലയിലെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിൽ വീഴ്ചകളും ചോർച്ചകളും പതിവുപോലെ സംഭവിക്കുന്നു. കേരള ഹൈക്കോടതി പോലും അതീവ ദുഃഖത്തോടെ ഇത് വ്യക്തമാക്കിയിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് ഗൗരവതരമാണെന്ന് ജയകുമാർ വിഷമത്തോടെ പങ്കുവെച്ചു.

ശബരിമലയിലെ പോരായ്മകളെക്കുറിച്ച് ലേഖനം എഴുതാനോ പ്രസംഗിക്കാനോ താനില്ലെന്നും എങ്ങനെ അവ പരിഹരിക്കാം എന്നതിലാണ് ഇനി തൻ്റെ ചിന്തയെന്നും അദ്ദേഹം വ്യക്തമാക്കി. “എൻ്റെ ഊഴം വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിന് തൊട്ടുമുൻപാണ് ഞാൻ നിയമിതനായത്. അന്ന് ഒന്നിനും സമയം തികഞ്ഞില്ല. ഇനി തുടക്കം മുതൽ കാര്യങ്ങൾ ക്രമീകരിക്കും. അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു,” ജയകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നവംബർ പകുതിയോടെ ആരംഭിക്കുന്ന പ്രധാന തീർത്ഥാടന കാലത്തിന് തൊട്ടുമുൻപ് ആസൂത്രണം നടത്തിയാൽ പോരാ. മകരവിളക്ക് കഴിഞ്ഞ് ഫെബ്രുവരിയിൽ തന്നെ അത് ആരംഭിക്കണം. അടുത്ത വർഷത്തേക്കുള്ള യോഗം ഫെബ്രുവരി ആറിന് വിളിച്ചുചേർത്തുകഴിഞ്ഞു. തീർത്ഥാടനം എങ്ങനെ പ്രൊഫഷണലാക്കാം എന്നതിനെക്കുറിച്ച് ബോർഡിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകും. ശബരിമലയിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ മാത്രമായി ഒരു പ്രത്യേക സമിതി ബോർഡിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിൽ 25-ഓളം പുതിയ തീരുമാനങ്ങളാണ് അജണ്ടയായി വെച്ചിട്ടുള്ളത്. അവ ഘട്ടംഘട്ടമായി നടപ്പിലാക്കും.

ഭക്തരുടെ തിരക്ക് നിയന്ത്രിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പോലീസ് മികച്ച പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും, പഴയ രീതിയിലുള്ള സംവിധാനം മാറ്റി എ.ഐ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാലേ ഇത് പൂർണമായും നടപ്പിലാകൂ. കുംഭമേള നടക്കുന്ന സ്ഥലങ്ങളിലെ ക്രമീകരണങ്ങൾ പോലെ ശബരിമലയും മാറണം.

സാങ്കേതികതയുടെ സഹായത്തോടെ ഭക്തർക്ക് എത്ര സമയം ക്യൂ നിൽക്കണം, എത്ര സമയം കൊണ്ട് ദർശനം പൂർത്തിയാക്കാം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കണം. ദർശന പാതയിൽ വരി നിൽക്കണം എന്നതിൽ തർക്കമില്ല. കാരണം, ഇത്രയും വലിയ ജനക്കൂട്ടം എത്തുമ്പോൾ പതിനെട്ടാം പടിയിലൂടെ ഒരു മിനിറ്റിൽ കയറിപ്പോകാവുന്ന ആളുകളുടെ എണ്ണത്തിന് പരിമിതികളുണ്ട്. ഒരു മണിക്കൂറിൽ അയ്യായിരത്തിൽ കൂടുതൽ ആളുകൾക്ക് പതിനെട്ടാം പടി കയറാൻ കഴിയില്ല. ഇത്തരത്തിൽ 12 മണിക്കൂർ ദർശനം കണക്കാക്കിയാൽ ഏകദേശം 60,000 പേർക്ക് ദർശനം നൽകാം. എന്നാൽ ദർശന സമയത്തിനിടയിൽ ഇടവേളകളും ഉണ്ടല്ലോ.

വരിനിൽക്കുന്ന പതിനായിരക്കണക്കിന് ഭക്തർക്ക് ഇത്രയും കാലം ആശങ്കയും ഭീതിയുമായിരുന്നു. അത് മാറ്റണം. എപ്പോൾ ദർശനം നടത്താം എന്നതിനെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നത് ഭക്തർക്ക് വലിയ ആത്മവിശ്വാസം നൽകും. ഒപ്പം വരി നിൽക്കുമ്പോഴുള്ള വിഷമതകൾ പരിഹരിക്കാൻ സൗകര്യങ്ങൾ ഒരുക്കും. ക്യൂ ഒഴിവാക്കുക എന്നതല്ല, മറിച്ച് വരി നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് പ്രധാനം. പമ്പയിൽ നിന്ന് മല ചവിട്ടി ഒന്നര മണിക്കൂർ കൊണ്ട് സന്നിധാനത്തെത്താനും ദർശനം കഴിഞ്ഞ് അത്രയും സമയം കൊണ്ട് തിരിച്ചിറങ്ങാനും പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റും. വഴിനീളെ കുടിവെള്ളം, ലഘുഭക്ഷണം, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. ശബരിമല യാത്ര പരാതികളില്ലാത്ത ഒരു ‘ഈസി വാക്ക്’ ആക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

“പുണ്യം പൂങ്കാവനം” എന്നത് പേരിൽ മാത്രമായി ഒതുങ്ങുകയാണ്. കാനനവാസനായ അയ്യപ്പൻ കുടികൊള്ളുന്ന അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ്. “കാടിനെ നാടാക്കരുത്” എന്നതാണ് എൻ്റെ അഭ്യർത്ഥന. പുണ്യം പൂങ്കാവനം എന്നത് യാഥാർത്ഥ്യമാക്കണം. നിലവിൽ ശബരിമലയിലെ ശുചിത്വമില്ലായ്മ കാരണം ശ്വസിച്ചാൽ രോഗം വരുന്ന അവസ്ഥയാണ്. അത് ഇനി ഉണ്ടാവില്ല. ഇരുപതിനായിരത്തിലേറെ പേർക്ക് വിരിവെക്കാനുള്ള സൗകര്യം, കൂടുതൽ ഇരിപ്പടങ്ങൾ, താമസസൗകര്യമുള്ള കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയെല്ലാം പദ്ധതിയിലുണ്ട്.

ഭക്തർ നൽകുന്ന പണമാണ് ബോർഡിൻ്റെ വരുമാനം, അതിനാൽ അവരെ അതിഥികളായി കണ്ട് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. രണ്ട് വർഷത്തിനകം ഈ മാറ്റങ്ങൾ നടപ്പിലാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 50 ശതമാനത്തിലേറെ വരുമാനമുള്ള ഒരു മഹാക്ഷേത്രത്തിൽ നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്. പമ്പയിൽ ഫെബ്രുവരി മുതൽ ഒരു സ്ഥിരം ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിക്കും. സീസൺ സമയത്തുള്ള ‘തട്ടിക്കൂട്ടൽ’ രീതികൾ ഇനി ഉണ്ടാവില്ല. നിലവിൽ അനാസ്ഥയുടെ പൂരമാണ് നടക്കുന്നത്. ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തും. കടകളിൽ ഭക്തരോടുള്ള മോശം പെരുമാറ്റം അനുവദിക്കില്ല. എല്ലായിടത്തും നേരിട്ടുള്ള പണമിടപാടിന് പകരം ഇലക്ട്രോണിക് ട്രാൻസ്ഫർ ഉറപ്പാക്കും.

ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്. ഏറ്റവും വലിയ വരുമാനവും അവരിൽ നിന്നാണ്. എന്നാൽ അവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ തുച്ഛമാണ്. അവരുടെ ഭാഷയിൽ ആശയവിനിമയം നടത്താൻ അവിടെ സംവിധാനമില്ല. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. അവരുടെ നാട്ടുഭാഷയിൽ മാത്രമേ അവർക്ക് കാര്യങ്ങൾ മനസ്സിലാകൂ, അവിടെ ഇംഗ്ലീഷ് സംസാരിച്ചിട്ട് കാര്യമില്ല. വരുമാനത്തിൻ്റെ പകുതിയിലേറെയും നൽകുന്ന ഇതര സംസ്ഥാന ഭക്തരെ വിസ്മരിക്കരുത്. മാസപൂജയ്ക്ക് വരുന്നവരെ പോലും തൃപ്തരാക്കാൻ നിലവിൽ നമ്മൾ സജ്ജരല്ല. അടുത്ത നാലഞ്ച് വർഷം കൊണ്ട് ശബരിമലയെ പുതിയൊരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റും.

സ്പോൺസർമാരായി ആരും ഇനി ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന് അദ്ദേഹം അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞു. എന്തെങ്കിലും സ്പോൺസർഷിപ്പ് ആവശ്യമുണ്ടെങ്കിൽ ബോർഡ് അത് ഔദ്യോഗികമായി അറിയിക്കും. അംഗീകാരമുള്ള കമ്പനികൾ പത്രപരസ്യങ്ങൾ കണ്ട് മുന്നോട്ടുവരട്ടെ. അയ്യപ്പന് എല്ലാം ആവശ്യത്തിനുണ്ട്, സ്പോൺസർമാർ തന്നിട്ട് ഇനി വേണ്ട. സ്പോൺസർമാരായി വരുന്നവരുടെ വരുമാന സ്രോതസ്സ് ഏതാണെന്ന് നമുക്കറിയില്ല, അത് സ്വീകരിച്ച് പിന്നീട് പൊല്ലാപ്പുണ്ടാക്കാൻ ബോർഡില്ലെന്നും ആർജ്ജവത്തോടെ അദ്ദേഹം പറഞ്ഞു.

ആചാരപരമായ കാര്യങ്ങളിൽ ബോർഡ് ഇടപെടാറില്ല, സഹായിക്കുക മാത്രമാണ് ലക്ഷ്യം. എന്നാൽ കൊള്ളരുതായ്മകൾ കണ്ടാൽ ഇടപെടും. ആടിയ നെയ്യ് മേൽശാന്തിയുടെ പേരിൽ വിൽക്കുന്ന രീതി നിർത്തലാക്കി. ക്ഷേത്രത്തിലെ പൂജകൾ നടത്തുന്നവർക്ക് അത് സ്വതന്ത്രമായി തുടരാം. തന്ത്രിയെയും മേൽശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങുന്നതോ നൂലുകെട്ടുന്നതോ തടയാനാവില്ല. എന്നാൽ തന്ത്രി ജയിലിൽ പോയതുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്ന് ഉയരുന്ന ചോദ്യങ്ങൾ പ്രസക്തമാണ്. ഗീതയിൽ പറയുന്നതുപോലെ “ഓരോ കാലത്തും ഓരോ ഗ്ലാനി സംഭവിക്കും”. ശബരിമലയിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കാൻ സമയമായെന്ന് ഭഗവാൻ നൽകിയ സിഗ്നലായി ഈ സംഭവങ്ങളെ കാണാമെന്ന് ജയകുമാർ പറഞ്ഞു.

ഈ പ്രതിസന്ധികളിൽ നിന്ന് പാഠം ഉൾക്കൊണ്ടു. ധർമം സ്ഥാപിക്കാൻ വന്ന ധർമശാസ്താവിൻ്റെ സന്നിധിയിൽ അഴിമതിയും അവിഹിതങ്ങളും നടന്നു. ഇനിയത് അനുവദിക്കില്ല. എല്ലാത്തിനും ഒരു അതിരുണ്ടെന്ന് അയ്യപ്പൻ തന്നെ കാണിച്ചുതന്നു. ഇനിയെങ്കിലും നേരായ വഴിയിൽ പോയില്ലെങ്കിൽ ധ്യാനത്തിലിരിക്കുന്ന അയ്യപ്പൻ കണ്ണ് തുറക്കുമെന്നും ആ ചൈതന്യം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*