‘വേദിയില്‍ ഇരുന്നത് മഹാപരാധമല്ല’; പങ്കെടുത്തത് മുന്‍ ജനപ്രതിനിധി എന്ന നിലയിലെന്ന് കെ കെ രാഗേഷ്

കണ്ണൂര്‍: സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം വേദിയില്‍ ഇരുന്നതിനെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വേദിയില്‍ ഇരുന്നത് മഹാപരാധമല്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ ക്ഷണം ഇല്ലെങ്കിലും മുന്‍ എം പിമാര്‍ പങ്കെടുക്കാറുണ്ട്. പരിപാടിയില്‍ പങ്കെടുത്തത് മുന്‍ ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നും കെ കെ രാഗേഷ് പറയുന്നു.

മുഖ്യമന്ത്രിക്കൊപ്പം പരിപാടിക്ക് എത്തിയപ്പോള്‍ സംഘാടകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വേദിയില്‍ ഇരുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു. വിഴിഞ്ഞം പരിപാടിയില്‍ മന്ത്രിമാര്‍ പോലും ഇരിക്കാത്ത വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇരുന്നതാണ് പ്രശ്‌നം. ഈ വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടായ വാര്‍ത്തയാണിതെന്ന് കെ കെ രാഗേഷ് ആരോപിച്ചു.

രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് ഇപ്പോഴത്തെ വിവാദമെന്ന് കെ കെ രാഗേഷ് പറഞ്ഞു. ബി ജെ പിക്കൊപ്പം കോണ്‍ഗ്രസും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശുന്നു. വിഴിഞ്ഞം ഉദ്ഘാടനം ലജ്ജാകരമായ രീതിയില്‍ ബി ജെ പി രാഷ്ട്രീയവത്കരിച്ചു. പ്രോട്ടോകോള്‍ പ്രകാരം സംസ്ഥാനം പറയാത്ത പേരായിരുന്നു ബി ജെ പി അധ്യക്ഷന്റേത് എന്നും രാഗേഷ് പറഞ്ഞു

കണ്ണൂര്‍ മുഴപ്പിലങ്ങാട്- ധര്‍മ്മടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വേദി പങ്കിട്ടത്. ഉദ്ഘാടന പരിപാടിയുടെ നോട്ടീസില്‍ കെകെ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കാതെ കെ കെ രാഗേഷ് എത്തിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*