കെ കെ ശൈലജയെ പി ബിയിൽ പരിഗണിച്ചില്ല

17 അംഗ പൊളിറ്റ് ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേർ പ്രായപരിധിയിൽ ഒഴിവാക്കുന്ന സാഹചര്യത്തിൽ കെ.കെ ശൈലജ തൽസ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ അണഞ്ഞു. കേരളത്തിൽ നിന്ന് പുതുതായി ആരും പിബിയിൽ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല. പകരം പി ബിയിലെ വനിതാ ക്വാട്ടയിൽ AIDWA ജനറൽ സെക്രട്ടറിയായ മറിയം ധാവ്ളയും തമിഴ്നാട്ടിൽ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയിൽ നിന്ന് ഒഴിവായാലും AIDWA അഖിലേന്ത്യാ അധ്യക്ഷയായതിനാൽ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കിയേക്കും.

പിബിയിൽ നിലവിലുള്ള നേതാക്കളായ പിണറായി വിജയൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ, എം എ ബേബി എന്നിവർ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നായിരുന്നു എം വി ഗോവിന്ദനെ പിബിയിൽ ഉൾപ്പെടുത്തിയത്.

അതേസമയം, എം എ ബേബിയെ ജനറൽ സെക്രട്ടറിയാക്കാൻ പി ബിയിൽ ധാരണയായി. പി ബിയിൽ ബംഗാൾ ഘടകവും അശോക് ധവ്ളയും ബേബിയെ എതിർത്തു. ജനറൽ സെക്രട്ടറി ആരായിരിക്കും എന്നുള്ളതിൽ അന്തിമ തീരുമാനം ഇന്ന് നടക്കുന്ന കേന്ദ്ര കമിറ്റിയിൽ തീരുമാനിക്കും. പ്രകാശ് കാരാട്ട് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിബിയിൽ നിന്ന് ഒഴിയുന്നതിനാലാണ് പുതിയ ജന സെക്രട്ടറിയെ തീരുമാനിക്കുന്നത്.

പ്രകാശ് കാരാട്ട്. വൃന്ദ കാരാട്ട്, മണിക്ക് സർക്കാർ, സുഭാഷിണി അലി എന്നിവരെ സിസിയിലെ പ്രത്യേക ക്ഷണിതാക്കളാക്കും. പാർട്ടി കോൺഗ്രസ് സമാപനത്തിന്‍റെ ഭാഗമായി റെഡ് വോളൻറിയർ മാർച്ചും പൊതുസമ്മേളനവും വൈകിട്ട് മധുരയിൽ നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*