ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നാല്‍ നേതാക്കളുമായി വേദി പങ്കിടരുത്. പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
അദ്ദേഹത്തെ സഹായിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ ക്യാംപെയ്ന്‍ നടത്തുന്നതില്‍ തടസമൊന്നുമില്ല. പക്ഷേ പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാര്‍ട്ടിയുടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം പുറത്താണ് നില്‍ക്കുന്നത്. കൂടുതലായുള്ള നടപടികള്‍ സ്വീകരിക്കേണ്ട കാര്യം ഇപ്പോഴില്ല. തെറ്റാര് ചെയ്താലും ശിക്ഷിക്കപ്പെടണം. പെണ്‍കുട്ടി ധൈര്യമായി പരാതിയുമായി മുന്നോട്ട് പോകണം – അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തലവേദന സൃഷ്ടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ഗുരുതര ആരോപണം. രാഹുലിന് പരസ്യമായി പിന്തുണച്ച് കെ സുധാകരന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ വിഷയത്തില്‍ ചേരിതിരിവ് രൂക്ഷമായി.
അതേസമയം, ആരോപണം ഉന്നയിച്ച യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റേയും പൊലീസിന്റെയും തീരുമാനം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് യുവതി പരാതി നല്‍കുമെന്നാണ് വിവരം. നേതൃത്വം പുറത്താക്കിയെന്ന് പറയുമ്പോഴും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ്. രാഹുല്‍ വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്നും താന്‍ അദ്ദേഹത്തെ അവിശ്വസിക്കുന്നില്ലെന്നുമാണ് ഇന്നലെ കെ സുധാകരന്‍ പ്രതികരിച്ചത്. രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമായി രംഗത്ത് വരണമെന്നും കെ സുധാകരന്‍ പറഞ്ഞു.



Be the first to comment