‘മന്ത്രിയാണ് തല്ലാന്‍ പോയത്; വീണയെ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘം പരിശോധിക്കണം, വാര്‍ത്ത വായന പോലെ അഭിനയത്തിലും മിടുക്കി’ കെ മുരളീധരന്‍

തിരുവന്തപുരം: ചികിത്സയിലുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ എയിംസിലുള്ള വിദഗ്ധര്‍ വന്ന് പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. നിലവില്‍ മന്ത്രി കഴിയുന്ന പരിയാരം മെഡിക്കല്‍ കോളജ് സിപിഎം പാര്‍ട്ടി ഓഫീസ് ആണ്. അവിടേക്ക് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമാണെന്നും മന്ത്രിയുടെ പരിസരത്തൊന്നും കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ പരാജയമാണെങ്കിലും വീണാ ജോര്‍ജിന്റെത് നല്ല അഭിനയമാണ്. അടുത്തവര്‍ഷം അവാര്‍ഡ് കൊടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

‘കരിങ്കൊടി കാണിക്കാന്‍ എത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത്‌പോലും എത്തിയിട്ടില്ല. മന്ത്രിയാണ് അവരെ തല്ലാന്‍ പോയത്. അത് എല്ലാവരും കണ്ടതാണ്. ഭീരുക്കള്‍ എന്ന് വിളിച്ച് അങ്ങോട്ട് ഓടിപ്പോകുന്നതും പൊലീസ് വളരെ പണിപ്പെട്ട് മന്ത്രിയെ ശാന്തമാക്കുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നെ എങ്ങനെയാണ് മന്ത്രിയെ ആക്രമിച്ചു എന്നുപറയുന്നത്?. ഇന്നലെ രാത്രി മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിയാരം മെഡിക്കല്‍ കോളജ് എന്നുപറയുന്നത് സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആണ്. അവിടുത്തെ ചികിത്സാപ്പിഴവുകളെ കുറിച്ച് നിരന്തരം പരാതിയാണ്. ജില്ലാ ആശുപത്രിയില്‍ നിന്ന് പെട്ടന്ന് മാറ്റിയത് തന്നെ തിരക്കഥയുടെ ഭാഗമായാണ്. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്ന് ചിരിച്ച് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് മന്ത്രി എത്തിയപ്പോള്‍ പെട്ടന്ന് എങ്ങനെയാണ് കഴുത്ത് ഉളുക്കിപ്പോയത്. അവിടെ സ്പീക്കറെ കാണുന്നത് വരെ മന്ത്രിക്ക് ഒരുകുഴപ്പവും ഉണ്ടായിരുന്നില്ല. ഷംസീറിനോട് കാര്യങ്ങള്‍ പറയുന്നു. ഷംസീര്‍ ഉടനെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കുന്നു. പെട്ടന്ന് കഴുത്ത് വേദന വന്ന് മന്ത്രിക്ക് അവശതയുണ്ടാകുന്നു. നേരെ ജില്ല ആശുപത്രിയിലേക്ക്. അവിടെ വന്ന് മുഖ്യമന്ത്രി കാണുന്നു. ആസമയം കൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗത്തും കലാപം ഉണ്ടാകുന്നു. ഇത് ആസൂത്രിതമാണ്.

മന്ത്രി എന്ന നിലയില്‍ പൂര്‍ണ പരാജയമാണെങ്കിലും 90കളിലെ യുവജനോത്സവത്തില്‍ മോണോ ആക്ടിന് സമ്മാനം കിട്ടിയതിന്റെ ഒരു തുടര്‍ച്ച ആയിരിക്കാം ഇന്നലെത്തെ സംഭവം. വാര്‍ത്ത വായിക്കുന്ന പോലെ തന്നെ മിടുക്കിയാണ് അഭിനയിക്കുന്ന കാര്യത്തിലും. മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് അടുത്ത വര്‍ഷം സര്‍ക്കാര്‍ വീണയ്ക്ക് കൊടുക്കണം.

എയിംസിലെ വിദഗ്ധര്‍ വന്ന് മന്ത്രിയുടെ പരിക്ക് പരിശോധിക്കണം. അങ്ങനെയെങ്കില്‍ ആര്‍ക്കും ഒരു തര്‍ക്കവും ഉണ്ടാകില്ല. സ്പീക്കറെ കാണുന്നതുവരെ മന്ത്രിക്ക് ഒരുകുഴപ്പവും ഉണ്ടായിരുന്നില്ല. ഇത് മുഖ്യമന്ത്രി – സ്പീക്കര്‍ തിരക്കഥയാണ്. പുതിയ സ്പീക്കര്‍ വരുന്നതുവരെ കസേരയില്‍ ഇരിക്കേണ്ടയാളാണ് ഷംസീര്‍. ഡിവൈഎഫ്‌ഐ നേതാവിന്റെ സ്ഥിതിയിലേക്ക് തരം താഴരുത്’- കെ മുരളീധരന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*