ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍

ദേശീയപാത നിര്‍മാണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്. പൊളിഞ്ഞപ്പോള്‍ അനാഥമായി – എന്നാണ് മുരളീധരന്റെ പരിഹാസം.

ദേശീയപാതയ്ക്ക് ഇതുവരെ രണ്ട് പിതാക്കന്‍മാരാണ് ഉണ്ടായിരുന്നത്.ഒന്ന്, കേന്ദ്രത്തിന്റെ ഗഡ്ഗരിയും രണ്ട്, പിണറായി വിജയനും. ഈ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദേശീയപാത തങ്ങളുടെ സംഭാവനയാണെന്ന് പറഞ്ഞ് വഴിനീളെ ഫ്‌ളക്‌സ് ആയിരുന്നു. ഫ്‌ളക്‌സ് തട്ടിയിട്ട് നടക്കാന്‍ വയ്യായിരുന്നു. പക്ഷേ ഒന്നു രണ്ട് ഭാഗങ്ങള്‍ തകര്‍ന്നപ്പോള്‍ പിതാക്കന്‍മാരില്ലാത്ത അനാഥാലയത്തിലേക്ക് ദേശീയപാത ചെന്നെത്തിയിരിക്കുകയാണ് – അദ്ദേഹം പരിഹസിച്ചു.

തികച്ചും അശാസ്ത്രീയമായ നിര്‍മാണമാണിതെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ ചിത്രം പരിശോധിക്കാതെയാണ് ഈ നിര്‍മാണത്തിന് ദേശീയപാത അതോറിറ്റി നേതൃത്വം കൊടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തരേന്ത്യയിലെ അവസ്ഥയല്ല കേരളത്തില്‍. ഇവിടെ നിരന്തരമായി മഴ പെയ്യുന്ന സാഹചര്യമുണ്ട്. പലപ്പോഴും വലിയ കുന്നുകള്‍ ഇടിച്ചു നിരത്തിയിട്ടാണ് റോഡ് പൊക്കുന്നത്. അങ്ങനെ പൊക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. പെട്ടന്ന് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി രണ്ട് സര്‍ക്കാരുകളും മത്സരിച്ച് അതിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഈ അശാസ്ത്രീയ നിര്‍മാണം കാരണം റോഡ് തകരുന്നത് – മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ദേശീയപാതയില്‍ സഞ്ചരിക്കാന്‍ ധൈര്യം പോരയെന്നും സ്വര്‍ഗത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പാതാളത്തിലേക്ക് പോകുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. നിര്‍മാണം പൂര്‍ണമായും പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്ഘാടനത്തിനുള്ള ഡേറ്റ് അല്ല തീരുമാനിക്കേണ്ടത്. മനുഷ്യന് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. ആ കാര്യത്തില്‍ രണ്ട് സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട് – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*