നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലും യുഡിഎഫ് പൊട്ടുമെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ മുരളീധരന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റിലും യുഡിഎഫ് പൊട്ടുമെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തെ പരിഹസിച്ച് കെ മുരളീധരന്‍. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിന്റെ ഒന്നോ രണ്ടോ ഡയലോഗുകള്‍ കേട്ടാല്‍ മതിയെന്നായിരുന്നു മുരളീധരന്റെ മറുപടി.

ഗോവിന്ദന്‍ മാഷ് ഇടയ്ക്കിടയ്ക്ക് തമാശ പറയുന്നതാണ്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ട് മൂന്ന് ഡയലോഗുകള്‍ കേട്ടാല്‍ നല്ല സുഖമാണ്. മനസ് തുറന്ന് ചിരിക്കാം. നൂറ് സീറ്റില്‍ യുഡിഎഫ് അല്ല എല്‍ഡിഎഫ് പൊട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 100 സീറ്റിലധികംനേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ എത്തിയത്. നൂറു സീറ്റും യുഡിഎഫ് പൊട്ടുമെന്നും തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയംനേടി ഇടതുപക്ഷം മൂന്നാമതും അധികാരത്തില്‍വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ബോംബ് വരുന്നുണ്ടെന്ന് മുന്‍പ് സതീശന്‍ പറഞ്ഞിട്ട് ഇതുവരെ വന്ന് പൊട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

സീറ്റ് ചര്‍ച്ച ഇതുവരെ നടന്നിട്ടില്ലെന്നും ഈ മാസം 15ഓടെ ഏകദേശരൂപമാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ച സമരപരിപാടികള്‍ സജീവമായി നടക്കും. എസ്ഐആര്‍ വിഷയവും കോണ്‍ഗ്രസ് ക്യാമ്പില്‍ സജീവ ചര്‍ച്ചയായി. നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. സീനിയര്‍ നേതാക്കള്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ചുമതല നല്‍കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു. ഇത്തവണ രണ്ട് എതിരാളികളുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബിജെപിയും. അവര്‍ തമ്മില്‍ തന്നെ അന്തര്‍ധാരകളുണ്ട്. ഇതിനെതിരെ ശക്തമായി നീങ്ങണമെന്നാണ് ഇന്നലെയും മിനിഞ്ഞാന്നുമായി നടന്ന ക്യാമ്പില്‍ എടുത്തിട്ടുള്ള തീരുമാനം – അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*