‘വേണമെങ്കില്‍ പ്രഖ്യാപനത്തിനെതിരെ അതിദരിദ്രരെ അണിനിരത്താം, ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ല’: കെ മുരളീധരന്‍

കേരളം അതിദാരിദ്ര്യമുക്തമായെന്ന പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളപ്പിറവി ദിനത്തില്‍ ആളുകളെ പറ്റിക്കാനാണീ പ്രഖ്യാപനമെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. ഈ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ല. തട്ടിക്കൂട്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും കെ മുരളീധരന്‍  .

കേരളത്തിന്റെ തലസ്ഥാന നഗരത്തില്‍പ്പോലും നിത്യചെലവിന് വകയില്ലാത്ത ഇഷ്ടംപോലെ ജനങ്ങളുണ്ടെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ അതിദരിദ്രരായ ജനങ്ങളെ അണിനിരത്താന്‍ സാധിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവശത അനുഭവിക്കുന്ന ജനങ്ങള്‍ കേരളത്തില്‍ കൂടിവരികയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ പ്രഖ്യാപനത്തെ പിന്തുണയ്ക്കാത്തത്. സര്‍ക്കാര്‍ കൊണ്ടുവന്ന തട്ടിക്കൂട്ട് റിപ്പോര്‍ട്ടിനെയൊന്നും ജനം അംഗീകരിക്കാന്‍ പോകുന്നില്ല. വേണമെങ്കില്‍ അതിദരിദ്രരെ ഇതിനെതിരെ അണിനിരത്താനാകും. പക്ഷേ അങ്ങനെയൊരു നീക്കത്തിലേക്ക് ഇപ്പോള്‍ തങ്ങള്‍ കടക്കുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വികസനമുണ്ടായി എന്നത് യഥാര്‍ഥമല്ലെന്നും സര്‍ക്കാര്‍ കാണിക്കുന്ന ഒരു മാജിക് മാത്രമെന്നുമാണ് മുരളീധരന്റെ പക്ഷം. മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞ മാജിക് വികസനം എന്നത് ആ അര്‍ത്ഥത്തില്‍ ശരിയാണ്. യഥാര്‍ഥമായ വികസനം ഇവിടെ നടന്നിട്ടില്ല. കിറ്റ് കൊടുത്ത് മുമ്പ് വോട്ടുവാങ്ങിയതുപോലെ ഇത്തരം പ്രഖ്യാപനങ്ങള്‍കൊണ്ടൊന്നും ഇനി വോട്ടുവീഴില്ല. ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയലും വീണതുപോലെ ഇനി നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*