വാജി വാഹനവിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉത്തരവിറക്കിയ സമയത്ത് ഭരണസമിതി യുഡിഎഫിന്റേതായിരുന്നു. പക്ഷേ വാജി വാഹനം തന്ത്രിക്ക് നൽകിയ സമയത്ത് ഭരണസമിതിയിൽ ഇടത് അംഗവും ഉണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മറുപടി പറയട്ടെ.
തന്ത്രിയെ കുടിക്കി മന്ത്രിയെ രക്ഷിക്കാം എന്ന് കരുതണ്ട. മന്ത്രിയെ ഒഴിവാക്കാനായി ഇത്തരം ചെപ്പടി വിദ്യകൾ കാണിച്ചാലും യുഡിഎഫ് പ്രതിഷേധവുമായി മുന്നോട്ടുപോകും. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തിൽ പുസ്തകം അടച്ചുവെന്ന് ജോസ് കെ മാണി തന്നെ പറഞ്ഞതല്ലേ. പുസ്തകം തുറക്കാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതാണ് യുഡിഎഫ്. വേണ്ടവർ പുസ്തകം തുറന്നാൽ മതിയെന്നും കെ മുരളീധരൻ വ്യക്തമാക്കി.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ആരുടെ കാലത്താണെങ്കിലും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണ്ണക്കൊള്ള നടത്തിയ മുഴുവൻ ആളുകളെയും നിയമനത്തിനു മുന്നിൽ കൊണ്ടുവരണം. അതിൽ രാഷ്ട്രീയ ഭേദമില്ല.
യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. വാജി വാഹനം പരസ്യമായാണ് നൽകിയത്. രഹസ്യമായി നടന്ന മോഷണമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പരിശോധിക്കട്ടെ. യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിനെ പഴിചാരുന്നതിലൂടെ നടക്കുന്നത്. അത് വിലപ്പോവില്ല.
പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. സ്വകാര്യ ആശുപത്രിയിൽ പോയി മൊഴിയെടുക്കാൻ പോലും തയ്യാറാകാത്തത് ആരാണെന്ന് അറിയാം. തൊണ്ടി എവിടെയെന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ് തന്നെയാണ്. സ്വർണം എവിടെയാണ് എന്നതാണ് ചോദ്യം. രാഘവനും അജയ് തറയിലും മറുപടി പറയട്ടെ. അതിനെ രാഷ്ട്രീയവത്കരിക്കരുത്. അവർ ചെയ്തത് ഒന്നും രഹസ്യമായിട്ടല്ല. അന്വേഷണത്തിന് തങ്ങളാരും തടസ്സം നിൽക്കുന്നില്ല. സ്വർണ്ണക്കൊള്ള വീണ്ടും ചർച്ച ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



Be the first to comment