മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് പിന്മാറി സിപിഐ മന്ത്രി കെ രാജൻ. ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നിന്നാണ് മന്ത്രി പിന്മാറിയത്.
സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് ശേഷം മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പകരം സംഘാടകസമിതി അംഗങ്ങൾ വാർത്താസമ്മേളനം നടത്തി. മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ സിപിഐ നേതൃത്വം തീരുമാനിച്ചിരിക്കെ ഈ മാസം 28നാണ് മുഖ്യമന്ത്രി പുത്തൂർ പാർക്ക് ഉദ്ഘാടനം ചെയ്യുക.
അതേസമയം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പി എം ശ്രീയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ. എല്‍ഡിഎഫ് തീരുമാനം ആരോടും ചര്‍ച്ച ചെയ്യാതെയാണെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. ഇതല്ല എല്‍ഡിഎഫിന്‍റെ ശൈലി. ഇതാകരുത് എല്‍ഡിഎഫിന്‍റെ ശൈലി.
മുന്നണി മര്യാദയുടെ ലംഘനമാണെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് എല്‍ഡിഎഫിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ്. സിപിഐയെ ഇരുട്ടിൽ നിര്‍ത്തി തീരുമാനമെടുക്കാനാകില്ല. ഇത് ജനാധിപത്യത്തിന്‍റെ വഴിയല്ല, തിരുത്തപ്പെടണമെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു. എന്നാൽ സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം എടുത്തില്ല.
മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എം വി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ വരും ദിവസങ്ങളിൽ സിപിഐയുമായി ചർച്ച നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഈ മാസം 27ന് ശേഷം എൻഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.



Be the first to comment