
കെപിസിസി ഭാരവാഹികളേയും ഡിസിസി അധ്യക്ഷന്മാരേയും മാറ്റേണ്ടതില്ലെന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയായിമാറുന്നു. പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കാനും പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് പാര്‍ട്ടിയെ അടിമുടി മാറ്റിയെടുക്കാനുമാണ് എഐസിസിയുടെ ശ്രമം. എന്നാല്‍, കെ സുധാകരന്റെ പുതിയ നീക്കം പുനഃസംഘടനാ നീക്കത്തിന് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് നേതൃത്വം. യുവനേതൃത്വത്തെ ഡിസിസി അധ്യക്ഷ പദവിയിലും കെപിസിസി ഭാരവാഹിത്വത്തിലും കൊണ്ടുവന്ന് പാര്‍ട്ടിയെ അടിമുടി മാറ്റിയെടുക്കുന്നതിനുള്ള നീക്കമാണ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്.
കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതോടെ പരസ്യപ്രതികരണം നടത്തി നേതൃത്വത്തെ വെട്ടിലാക്കിയ സുധാകരന്റെ പുതിയ നീക്കത്തെ നേതൃത്വം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ചുമതല ഐഐസിസി നേതൃത്വത്തില്‍ നിന്നും വാങ്ങിയെടുക്കാനുള്ള നീക്കങ്ങള്‍ സുധാകരന്‍ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാന്റ് സുധാകരനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ സുധാകരനും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അകല്‍ച്ചയുടെ ആഴം കൂടിയിരിക്കുകയാണ്. അസംബ്ലി തിരഞ്ഞെടുപ്പുവരെ അധ്യക്ഷസ്ഥാനത്ത് തുടരുകയെന്ന കെ സുധാകരന്റെ ആഗ്രഹത്തിനേറ്റ തിരിച്ചടിയായിരുന്നു പുന:സംഘടന. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ തുടരുമ്പോഴും അധ്യക്ഷസ്ഥാനത്ത് തുടരാന്‍ കഴിയുമെന്നായിരുന്നു സുധാകരന്റെ പ്രതീക്ഷ.
എതിര്‍പ്പിനെ മറികടന്ന് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതോടെ കെ സുധാകരന്‍ ആകെ പ്രതിരോധത്തിലായി. സ്വന്തം തട്ടകത്തില്‍ നിന്നും വിശ്വസ്ഥരില്‍ ഒരാളെ പുതിയ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരുമെന്ന് സുധാകരന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
സംസ്ഥാനത്ത് പലയിടങ്ങളിലും സുധാകരന്‍ പക്ഷക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പരസ്യപ്രതികരണവുമായി ചിലര്‍ രംഗത്തെത്തി. എന്നാല്‍ എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് പുനഃസംഘടനാനടപടികളുമായി നേതൃത്വം മുന്നോട്ടുപോയി. ഇതാണ് സുധാകരനെ ആകെ നിരാശനാക്കിയത്. പുതിയ കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡന്റുമാരും സ്ഥാനം ഏറ്റെടുത്ത് മൂന്നാം ദിവസമാണ് സുധാകരന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. സുധാകരന്റെ നീക്കത്തിനു പിന്നില്‍ ചില നേതാക്കളുടെ ഇടപെടല്‍ ഉണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായിരിക്കെയാണ് സംസ്ഥാനത്തെ ഡിസിസികള്‍ പുനഃസംഘടിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ ഒരു പ്രധാന അജണ്ട ഡിസിസി പുനഃസംഘടനയായിരുന്നു. താഴേത്തട്ടില്‍ നിന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും, ഡിസിസി പുനഃസംഘടനാ നടപടികളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നുമായിരുന്നു കെ സുധാകരന്‍ അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റിയതിനുശേഷമുള്ള പ്രതികരണം. കേരളത്തില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കമ്മിറ്റികളും പിസിസികളും പുനഃസംഘടിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ ചലിപ്പിക്കുകയെന്നത് ഗുജറാത്ത് സമ്മേളനത്തിലെ പ്രധാന തീരുമാനമായിരുന്നു. ഡിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും, എല്ലാ ഡിസികളും പുനഃസംഘടിപ്പിക്കാനുമുള്ള നിര്‍ദേശത്തെ അന്ന് എതിര്‍ക്കാതിരുന്ന സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നും നീക്കിയതോടെ എതിര്‍പ്പുമായി രംഗത്തെത്തിയത് കെപിസിസി അധ്യക്ഷനിലും ആശങ്കയുളവാക്കിയിട്ടുണ്ട്.
നിലവിലുള്ള കെപിസിസി ഭാരവാഹികള്‍ എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നും, ഡിസിസി അധ്യക്ഷന്മാരില്‍ ആരേയും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് കെ സുധാകരന്റെ ന്യായവാദം. കെപിസിസി ജനറല്‍ സെക്രട്ടറിമാരേയും ഡിസിസി ഭാരവാഹികളേയും മാറ്റാനുള്ള എഐസിസി നിര്‍ദേശത്തെയാണ് കെ സുധാകരന്‍ എതിര്‍ത്തിരിക്കുന്നത്. ഡിസിസി അധ്യക്ഷന്മാരെയും മറ്റുഭാരവാഹികളേയും മാറ്റി എല്ലാ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ ഒരുവിഭാഗം ഡിസിസി അധ്യക്ഷന്മാര്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ നീക്കം തുടരുന്നതിനിടയിലാണ് സുധാകരന്റെ പ്രതികരണം. അധ്യക്ഷസ്ഥാനത്തുനിന്നും നീക്കുന്നകാര്യം താനുമായി ആലോചിച്ചില്ലെന്നുള്ള സുധാകരന്റെ ആരോപണത്തെ എഐസിസി നേതൃത്വം തള്ളിയിരുന്നു. സുധാകരനുമായി രണ്ടുതവണ ചര്‍ച്ച നടത്തിയതിന് ശേഷമാണ് പുനഃസംഘനടനാ നടപടികളുമായി മുന്നോട്ടുപോയതെന്നായിരുന്നു എഐസിസി വ്യക്തമാക്കിയത്. ഇതോടെ, പ്രതിരോധത്തിലായ സുധാകരന്‍ ജില്ലാ അധ്യക്ഷന്മാര്‍ക്ക് പിന്തുണയുമായി എത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണ്.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ് തന്നെ മാറ്റുന്നതിന് കാരണമെന്നായിരുന്നു സുധാകരന്റെ പ്രധാന ആരോപണം. ഈ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ എഐസിസി തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായി നേതൃത്വത്തെ വിമര്‍ശിക്കുന്നതും പരസ്യപ്രതികരണം നടത്തുന്നതും നേതൃത്വത്തിനെ ചൊടിപ്പിച്ചിരുന്നു. കെ സുധാകരന്റെ ആരോപണങ്ങള്‍ അവഗണിക്കാനായിരുന്നു എഐസിസി നിര്‍ദേശം. ഇതോടെയാണ് സുധാകരന്‍ നേതൃത്വത്തെ വെട്ടിലാക്കാനുള്ള മറുതന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.
തൃശൂര്‍ ജില്ലാ അധ്യക്ഷനൊഴികെ മറ്റെല്ലാ ഡിസിസി അധ്യക്ഷന്മാരേയും മാറ്റാനുള്ള ചര്‍ച്ചകളിലാണ് കെപിസിസി. ഡിസിസി അധ്യക്ഷന്മാരില്‍ ഏറെപ്പേരും മാറ്റം ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടനാനടപടികള്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഡിസിസി അധ്യക്ഷന്മാരെ ആരേയും മാറ്റേണ്ടതില്ലെന്നും, കെപിസിസി അധ്യക്ഷന്മാര്‍ എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നവരാണെന്നുമുള്ള കെ സുധാകരന്റെ നിലപാട് പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനുള്ള തന്ത്രമായാണ് ഭൂരിപക്ഷം നേതാക്കളും കാണുന്നത്. നിലവിലുള്ള ഡിസിസി അധ്യക്ഷന്മാരേയും കെപിസിസി ഭാരവാഹികളേയും ഒപ്പം നിര്‍ത്തി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നത്.
സ്വന്തം ഗ്രൂപ്പുകാരനും വിശ്വസ്ഥനുമായിരുന്ന അഡ്വ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായതോടെ കെ സുധാകരന്‍ പ്രതിഷേധം അവസാനിപ്പിച്ച് നേതൃത്വവുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നായിരുന്നു നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത സൃഷ്ടിച്ച് എഐസിസി നേതൃത്വത്തേയും കെപിസിസി അധ്യക്ഷനേയും വെട്ടിലാക്കുന്ന നിലപാടാണ് കെ സുധാകരന്‍ കൈക്കൊണ്ടിരിക്കുന്നതെന്നാണ് നേതാക്കളുടെ പ്രതികരണം.
ഡിസിസി പുനഃസംഘടനയും കെപിസിസിയില്‍ സമൂലമായ അഴിച്ചുപണിയും വിവാദങ്ങളില്ലാതെ പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കെ സുധാകരന്റെ പ്രതികരണം. ഗ്രൂപ്പടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
Be the first to comment