‘രാഹുലിനെ അവിശ്വസിക്കുന്നില്ല’; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

ലൈംഗിക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍. രാഹുല്‍ നിരപരാധിയെന്നും രാഹുല്‍ സജീവമാകണമെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസി സംഘടനജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ രംഗത്തുവരുന്നതിനിടെയാണ് പിന്തുണയുമായി കെ. സുധാകരന്‍ വരുന്നത്.

‘വെറുതെ അദ്ദേഹത്തെ അപമാനിക്കാന്‍ സിപിഎമ്മും ബിജെപിയും നടത്തുന്ന ശ്രമമാണ് ഇതിന് പിന്നില്‍. തീര്‍ത്തും നിരപരാധിയാണ്. ഞാനതൊക്കെ അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചത് രണ്ട് ചീത്ത പറയാന്‍ വേണ്ടിയാണ്. പക്ഷെ മറുപടിയെല്ലാം കേട്ടപ്പോള്‍ എനിക്ക് തോന്നി ഐ വാസ് റോങ്. ഞാനവനെ വിളിച്ച് സംസാരിച്ചു. നമുക്ക് അവനെക്കുറിച്ച് തര്‍ക്കങ്ങളൊന്നുമില്ല. അവന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. ആര് പറഞ്ഞാലും നമുക്കത് പ്രശ്നമല്ല. രാഹുല്‍ സജീവമായി രംഗത്തുവരണം. കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ജനമനസില്‍ സ്ഥാനമുള്ളവനാണ്. ആളുകള്‍ക്ക് ഒരുപാട് വികാരങ്ങളും വിചാരങ്ങളും പകര്‍ത്തിക്കൊടുക്കാന്‍ സാധിക്കുന്ന, പ്രാസംഗിക കരുത്തുള്ളവനാണ്. അവനെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞാന്‍ ശബ്ദ സന്ദേശം കേട്ടിട്ടില്ല, അവന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വെല്ലുവിളിച്ചിട്ടുണ്ടല്ലോ. രാഹുലിനെ പാര്‍ട്ടിയോടൊപ്പം കൂട്ടിനിര്‍ത്തിക്കൊണ്ടുപോകണം. അദ്ദേഹത്തിനൊപ്പം ഞാന്‍ വേദി പങ്കിടും’- സുധാകരന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍ ഇരയായ യുവതി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രം മുന്നോട്ടുപോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*