‘പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്, അനൈക്യം ഉണ്ടാക്കുന്നത് നേതാക്കള്‍’; അതൃപ്തി അറിയിച്ചെന്ന് കെ സുധാകരന്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ അതൃപ്തി അറിയിച്ചെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

നേതാക്കളാണ് പാര്‍ട്ടിക്ക് അകത്ത് അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം പറഞ്ഞു ശരിയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും പറഞ്ഞതായി സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. എന്തിനാണ് മറച്ചുവെക്കുന്നത്. അനൈക്യം ഉണ്ടാക്കുന്നത് നിര്‍ത്തിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചു വരാം. ഇല്ലേല്‍ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നു, ഈ പ്രശ്‌നം നേതാക്കള്‍ക്കും ബോധ്യമുണ്ടെന്നും’ സുധാകരന്‍ പറഞ്ഞു.

‘കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. ഒരു പാര്‍ട്ടിയാകുമ്പോള്‍ ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുന്നത് തര്‍ക്കമല്ല. ആശയവിനിമയങ്ങള്‍ നടക്കുന്നു. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും’ സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ നവംബര്‍ ഒന്നുമുതല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കെപിസിസി തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യോഗത്തില്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. മുന്നൊരുക്കങ്ങളില്‍ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*