‘കണ്ണൂര്‍ എന്റെ ഹൃദയരക്തം, വിലാപങ്ങള്‍ ഉയര്‍ന്ന മണ്ണില്‍ കെ സുധാകരന്‍ തല ഉയര്‍ത്തി നില്‍ക്കും’; മത്സരിക്കുമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് സൂചിപ്പിച്ച് സുധാകരന്റെ പോസ്റ്റ്

കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ചകള്‍ നടക്കുന്ന ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ മടങ്ങിയത് അതൃപ്തി മൂലമെന്ന സൂചനകള്‍ക്കിടെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരന്‍. കണ്ണൂര്‍ തന്റെ ഹൃദയരക്തമെന്നാണെന്ന് പറഞ്ഞുകൊണ്ടാണ് കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. 

താന്‍ കണ്ണൂരില്‍ മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കണ്ണൂരിലെ കോണ്‍ഗ്രസ് പ്രസ്ഥാനവും താനും തമ്മിലുള്ള ആഴത്തിലുള്ള ഹൃദയബന്ധം വ്യക്തമാക്കി അദ്ദേഹം വൈകാരിക പോസ്റ്റിട്ടിരിക്കുന്നത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഒരു പൊതുതീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെയാണ് സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിനുള്ള സാധ്യത മങ്ങിയത്. ഈ തീരുമാനത്തില്‍ വിയോജിച്ച് പ്രകടമാക്കിക്കൊണ്ടാണ് ഡല്‍ഹിയില്‍ നിന്നും കെ സുധാകരന്റെ മടക്കമെന്നാണ് വരുന്ന സൂചനകള്‍. എന്നാല്‍ മറ്റ് പരിപാടികളുള്ളതിനാലാണ് സുധാകരന്‍ മടങ്ങുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. കല്ലില്‍ നിന്നും, കത്തിയില്‍ നിന്നും, അരിവാളില്‍ നിന്നും, ബോംബില്‍ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതുപോലെ ഞാന്‍ മുന്നില്‍ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികര്‍ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല.

ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവുമാണ്.
കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയര്‍പ്പും വീണ മണ്ണില്‍, എന്റെ സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടയില്‍ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാന്‍ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളര്‍ന്നവരും പ്രവര്‍ത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല്‍ വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*