കോടികൾ വാങ്ങി റേറ്റിംഗ് ആട്ടിമറി, ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് ബാര്‍ക് ജീവനക്കാരന്റെ വാലറ്റിലേക്ക് എത്തിയ കോടികള്‍ എവിടെ നിന്ന്?, അന്വേഷണം വേണം: കെ സുധാകരൻ എം പി

ബാർക്ക് തട്ടിപ്പിലെ കണ്ടെത്തലിൽ പ്രതികരിച്ച് കെ സുധാകരൻ എം പി. കോടികൾ വാങ്ങി റേറ്റിംഗ് ആട്ടിമറിക്കുന്ന സംഘത്തെ കുറിച്ച് അന്വേഷണം വേണം. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന തട്ടിപ്പ് അല്ല. ചാനൽ ഉടമയുടെ അക്കൌണ്ടിൽ നിന്ന് പ്രേംനാഥിന്റെ വാലെറ്റിൽ എത്തിയ കോടികൾ എവിടെ നിന്ന്. ഇത് പല അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. ഈ പണം ശരിയായി ഉണ്ടാക്കിയത് അല്ല. അഴിമതിപണത്തിൽ അന്വേഷണം നടത്താൻ ആണ് ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. അഞ്ച് ചോദ്യങ്ങളാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഡീന്‍ കുര്യാക്കോസും കെ സുധാകരനും ഉന്നയിച്ചത്.

 പുറത്തുവിട്ട വെളിപ്പെടുത്തലിനെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് അറിവുണ്ടോ, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള ഫോറസിക് ഓഡിറ്റ്/ ഉന്നതതല അന്വേഷണം ബാര്‍ക്കോ മറ്റ് കേന്ദ്ര ഏജന്‍സികളോ നടത്തിയിട്ടുണ്ടോ, സംസ്ഥാന പൊലീസില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ, പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചാനലിന്റെ ഉടമകള്‍ തട്ടിപ്പുകളില്‍ പ്രതിയായ കേസുകളടക്കമുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും തരത്തില്‍ അറിവുണ്ടോ, ബാര്‍ക് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ, ബാര്‍ക് റേറ്റിംഗുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ – തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതിലാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുള്ളത്.

ബാര്‍ക് തട്ടിപ്പുമായി ബന്ധപ്പെട്ട  വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടായി. സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം റിപ്പോര്‍ട്ട് തേടി. വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി. ലോക്‌സഭയില്‍ കെ സുധാകരന്‍, ഡീന്‍ കുര്യക്കോസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ സഹമന്ത്രി എല്‍ മുരുകന്റെ മറുപടി.

 തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വിട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നത്. കേസിലെ എഫ്‌ഐആറില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പടെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംവിധാനത്തിന്റെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായി സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

 ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജന്‍സിയായ ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകളാണ്  പുറത്ത് വിട്ടത്. ക്രിപ്റ്റോ കറന്‍സി USDT വഴിയാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നത്.

ബാര്‍ക് റേറ്റിങ് തട്ടിപ്പ് കൂടാതെ യൂട്യൂബ് വ്യൂവര്‍ഷിപ്പിലും തട്ടിപ്പ് നടന്നു. ഫോണ്‍ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി ചാനല്‍ ഉടമ ഉപയോഗിച്ചത് എന്നും കണ്ടെത്തി. മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിംഗ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പ് ഉയര്‍ത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കുകയായിരുന്നു. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു. വിഷയത്തില്‍ ബാര്‍ക്ക് ഇന്ത്യ തന്നെ നേരിട്ട് ഇടപെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*