
യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. കാലങ്ങളായി തനിക്ക് അന്‍വറുമായി വൈകാരികമായ ഒരു അടുപ്പമുണ്ട്. ആ അടുപ്പം വച്ച് താന്‍ ഒന്നുകൂടി അദ്ദേഹത്തെ നേര്‍വഴിയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ തയാറാകണമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷൗക്കത്തിനെതിരായ പരാമര്‍ശങ്ങള്‍ ശരിയായില്ല. അന്‍വര്‍ സ്വയം തിരുത്തണം. നിലമ്പൂരില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണെന്നാണ് തന്റെ വിശ്വാസം. യുഡിഎഫില്‍ ചേരാന്‍ അന്‍വറിനോട് ആരും അങ്ങോട്ട് പോയി ആവശ്യപ്പെട്ടിട്ടില്ല. അന്‍വര്‍ സ്വയം വന്നതാണ്. അന്‍വറിന്റെ കൈയിലുള്ള വോട്ട് കിട്ടിയില്ലെങ്കില്‍ യുഡിഎഫിന് തിരിച്ചടിയാകും. വലിയ തിരിച്ചടിയോ ചെറുതോ എന്ന് പറയാനില്ല. അന്‍വറിന് കിട്ടുന്ന വോട്ടുകിട്ടിയാല്‍ യുഡിഎഫിന് അത് മുതല്‍ക്കൂട്ടാകുമെന്നും സംശയമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
അന്‍വറിന്റെ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വറും സതീശനും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യക്തിപരമായ അകല്‍ച്ചയൊന്നും മുന്നണി സംവിധാനത്തില്‍ ഞങ്ങളാരും പരിഗണിക്കാന്‍ പോകുന്നില്ല എന്നായിരുന്നു സുധാകരന്റെ മറുപടി. അന്‍വറിനോട് താന്‍ സംസാരിച്ചിട്ടുണ്ടെന്നും അന്‍വറിന്റെ യുഡിഎഫ് പ്രവേശനം മരവിച്ചിട്ടില്ലെന്നും താന്‍ അതിനായി ഇനിയും സംസാരിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Be the first to comment