കോഴിക്കോട് മെഡിക്കല്‍ കോളജ് ഷോര്‍ട്ട് സര്‍ക്യൂട്ട്; മരണസംഖ്യ ഉയരാൻ കാരണം സർക്കാരിന്റെ അനാസ്ഥ, കെ സുരേന്ദ്രൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ സംഭവം സർക്കാരിന്റെ അനാസ്ഥകൊണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിൻ്റെ അലംഭാവവും അനാസ്ഥയുമാണ് മരണ സംഖ്യ ഉയരാൻ കാരണം. ആരോഗ്യവകുപ്പിനടക്കം ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റകരമായ അനസ്ഥയാണ് ഉണ്ടായത്. വീണാജോർജിന് ആരോഗ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മന്ത്രി പോലും ദുരന്തത്തിൽ ഫലപ്രദമായി ഇടപെട്ടില്ല. അവർ മറ്റ് വിവാദങ്ങൾ ഉണ്ടാക്കാനാണ് ശ്രമിച്ചത് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, മെഡിക്കൽ കോളജിലുണ്ടായത് തീർത്തും അസാധാരണമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. യുപിഎസ് റൂമിൽ നിന്ന് പുക പടരുകയായിരുന്നു. പ്രാഥമിക കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് നിഗമനം. വിദഗ്‌ധ പരിശോധനകൾ സ്ഥലത്ത് നടക്കുന്നുണ്ട് അതിന് ശേഷമായിരിക്കും ബാക്കി കാര്യങ്ങൾ അറിയാൻ സാധിക്കുക. അടിയന്തര യോഗം വിളിച്ചത് എല്ലാം അന്വേഷിക്കാനാണ്, യോഗ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി  വ്യക്തമാക്കി.

സി ടി സ്കാൻ റൂമിലെ യുപിഎസിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും, ഇതുതന്നെയാണോ അപകടകാരണം എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനിടെ,അപകട സമയത്തുണ്ടായ നാലുപേരുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. തീപിടുത്തത്തിനിടെ വെൻ്റിലേറ്റർ ലഭ്യമാകാത്തതും പുക ശ്വസിച്ചതുമാണ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ടി സിദ്ദിഖ് എംഎൽഎയുടെ ആരോപണം. എന്നാൽ ഈ ആരോപണം മെഡിക്കൽ കോളജ് അധികൃതർ തള്ളി. നേരത്തെ തന്നെ ഗുരുതരാവസ്ഥയിൽ ആയിരുന്നവരാണ് മരിച്ചതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. KG.സജീത്ത് കുമാർ പറഞ്ഞു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തീപിടുത്തത്തെ തുടർന്ന് അത്യാഹിത വിഭാഗം ഉൾപ്പെടുന്ന പുതിയ ബ്ലോക്ക് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*