ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ട; കേരളത്തില്‍ സവര്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഇനി സവര്‍ക്കറെ കുറിച്ചും ഹെഡ്‌ഗേവാറിനെ കുറിച്ചും ദീന്‍ ദയാല്‍ ഉപാധ്യായെ കുറിച്ചും പഠിപ്പിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും ഇഷ്ടമില്ലാത്തവര്‍ പഠിക്കേണ്ടെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണം ഇവിടെയും നടക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്ത് പഠിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയും. വിഡി സവര്‍ക്കര്‍ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും. ഹെഡ്‌ഗെവാര്‍, ദീന്‍ദയാല്‍ ഉപാധ്യായ ഇവരെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകും. കോണ്‍ഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയില്‍ കുട്ടികളെ പഠിപ്പിക്കണം. നെഹ്രുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയോ?. അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും അത് ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. പക്ഷെ ചരിത്രം വളച്ചൊടിക്കില്ല. ശരിയായ കാര്യം പഠിപ്പിക്കും. അത് ന്യായമായ കാര്യമാണ്. അതിനുവേണ്ടിയാണ് ജനം തങ്ങള്‍ക്ക് വലിയ ഭൂരിപക്ഷം തന്നത്. തങ്ങളെ താഴെയിറക്കിക്കൊള്ളു. ദേശീയവിദ്യാഭ്യാസ പദ്ധതി മാറ്റിക്കൊള്ളൂയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പിഎംശ്രീ പദ്ധതിയില്‍ ബിജെപി പറഞ്ഞതാണ് ശരിയെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനും പിണറായി സര്‍ക്കാരിനും സമ്മതിക്കേണ്ടിവന്നു. ട്യൂബ് ലൈറ്റ് പോലെയാണ് സിപിഎമ്മെന്നും അത് പെട്ടെന്ന് കത്തില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. ഒരുസമ്മര്‍ദ്ദവും ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തിന് മേല്‍ ചെലുത്തിയിട്ടില്ല. ഒപ്പിട്ട കാര്യം മുഖ്യമന്ത്രിയും ശിവന്‍കുട്ടിയും അല്ലാതെ സിപിഎമ്മില്‍ മറ്റാരും അറിഞ്ഞിട്ടില്ല. എല്‍ഡിഎഫ് ആശയപാപ്പരത്തത്തിന്റെ ഉത്തുംഗശൃംഖത്തിലാണെന്നും അഖിലേന്ത്യാ പാര്‍ട്ടി നടക്കണമെങ്കില്‍ പിണറായി വിജയന്റെ സഹായം ആവശ്യമാണെന്നും ഇവിടെ രാജഭരണം തന്നെയാണെന്ന കാര്യത്തില്‍ തനിക്ക് തര്‍ക്കമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐയുടെ എതിര്‍പ്പ് കുരയ്ക്കും പക്ഷെ കടിക്കില്ല എന്നുപറഞ്ഞതുപോലെയുള്ളൂ. എന്നാല്‍ കടിക്കുന്നവര്‍ അധികം കുരയ്ക്കില്ല. നാലുമന്ത്രിമാരെ അവിടുന്ന് രാജിവയ്പിക്കാന്‍ ബിനോയ് വിശ്വത്തിന് കഴിയുമോ? ബിനോയ് വിശ്വം രാജിവയ്ക്കാന്‍ പറഞ്ഞാലും അവര്‍ കേള്‍ക്കില്ല. അവരുടെ വകുപ്പില്‍ ഭൂലോക അഴിമതിയാണ് നടക്കുന്നത്. അവരാരും തന്നെ ബിനോയ് വിശ്വം പറഞ്ഞാല്‍ കേള്‍ക്കില്ല. രണ്ടുമാസത്തേക്കെങ്കിലും മന്ത്രിമാരെ രാജിവയ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ? ആ പാര്‍ട്ടിക്ക് കേരളത്തില്‍ യാതൊരു നിലവാരവുമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*