സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന “കീടബാധ”യായി മാറാൻ യാതൊരു മടിയുമില്ല: കെ ടി ജലീൽ

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്ക് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന “കീടബാധ”യായി മാറാൻ യാതൊരു മടിയുമില്ല. അത് ഇഞ്ചി കൃഷിയെ മാത്രമല്ല കാപ്പിയേയും ചായയേയും മറ്റു നാണ്യവിളകളെയുമെല്ലാം നശിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ ഓർക്കുന്നത് നല്ലതാണെന്നും കെ ടി ജലീൽ പറഞ്ഞു.

വയനാട് ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മകളുടെ വിവാഹാഘോഷം വേണ്ടെന്നു വെച്ച് 5 ലക്ഷം രൂപ സംഭാവന നൽകിയ വ്യക്തിയെ കുറിച്ചാണ് ദുരന്ത ബാധിതർക്കായി ഒന്നും ചെയ്തില്ലെന്ന് ലീഗ് നേതാക്കൾ ആരോപിച്ചത്. അത്രയും സംഖ്യ സ്വന്തമായി വയനാട് ദുരിത ബാധിതരെ സഹായിക്കാൻ സംഭാവന നൽകിയ എത്ര ലീഗ് നേതാക്കൾ ഉണ്ടെന്നത് മുസ്ലിംലീഗ് വ്യക്തമാക്കട്ടെയെന്നും കെ ടി ജലീൽ വിമർശിച്ചു.

ഇതൊരു വെല്ലുവിളിയായി ലീഗിന് ഏറ്റെടുക്കാം. ഫോട്ടോക്ക് പോസ് ചെയ്യാനും റീൽസിൽ അഭിനയിക്കാനും ഉണ്ടായിട്ടില്ലെന്നത് ശരിയാണ്. ഞാൻ തീവ്ര സ്വഭാവമുള്ള പാർട്ടിയിൽ നിന്നാണ് രാഷ്ട്രീയം തുടങ്ങിയത് എന്ന് ആരോപിച്ച ലീഗ് നേതാക്കൾ മുസ്ലിംലീഗിൻ്റെ ദേശീയ സെക്രട്ടറിയും പാർലമെൻ്റ് അംഗവുമായ അബ്ദുസ്സമദ് സമദാനി തീവ്രസ്വഭാവവുള്ള സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറായിരുന്നു എന്ന കാര്യം മറക്കരുതെന്നും കെ ടി ജലീൽ പറഞ്ഞു.

അദ്ദേഹം ആ തീവ്ര സംഘടനയുടെ സ്ഥാനാർത്ഥിയായി മൽസരിച്ചാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥി യൂണിയൻ ചെയർമാൻ ആയത് എന്ന കാര്യവും വിസ്മരിക്കരുത്. വയനാട് പുനരധിവാസത്തിൻ്റെ മറവിൽ പകൽ കൊള്ള നടത്തിയ ലീഗ്-യൂത്ത്ലീഗ് നേതാക്കളെ വെള്ള പൂശാനുള്ള മുസ്ലിംലീഗിൻ്റെ ശ്രമം വിലപ്പോവില്ല. ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനു പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ട് കാര്യമില്ല.

മുണ്ടക്കൈലേയും ചൂരൽമലയിലേയും ജനങ്ങൾക്ക് സർക്കാർ പദ്ധതിയുടെ ഭാഗമാകലാണ് ഏറ്റവും അഭികാമ്യമെന്ന വാദത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ജനങ്ങളെ വർഗ്ഗീയ വൽക്കരിച്ച് മുസ്ലിം ഗ്രാമവും ഹിന്ദു ഗല്ലിയും കൃസ്ത്യൻ ഇടവകയും ഉണ്ടാക്കുന്നതിനോട് ഒരു നിലക്കും യോജിക്കാനാവില്ലെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*