ഭിന്നശേഷി നിയമനം: കെ ടെറ്റ് യോഗ്യതയില്ലാത്തതിനാൽ തടഞ്ഞുവെച്ച വേതനം നൽകും മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കെ- ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (സെറ്റ്, നെറ്റ്, എംഎഡ്, എം ഫിൽ, പിഎച്ച്‌ഡി) അധ്യാപകർക്ക് 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിലെ കുടിശ്ശികയുള്ള ദിവസവേതനം നൽകാൻ സർക്കാർ തീരുമാനിച്ചു. നിശ്ചിത കെ-ടെറ്റ് യോഗ്യതയില്ല എന്ന കാരണത്താൽ തടഞ്ഞുവെച്ച വേതനം, ഓരോ കേസും പ്രത്യേകം പരിശോധിച്ച് നൽകുന്നതിന് അനുമതി നൽകിയെന്ന് വിദ്യാഭ്യാസ   വ്യക്തമാക്കി. കെ-ടെറ്റ് കാറ്റഗറി( III-മൂന്ന്) വിജയിച്ച അധ്യാപകർക്ക് ഇനി മുതൽ കെ-ടെറ്റ് കാറ്റഗറി (II-രണ്ട്) നേടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച 2018 മാർച്ച് 9 ലെ സർക്കുലർ വ്യവസ്ഥകൾ തുടർന്നും നിലനിൽക്കും.

കായിക അധ്യാപക നിയമന മാനദണ്ഡങ്ങൾ പരിഷ്‌കരിക്കും

സ്‌കൂളുകളിൽ കായികാധ്യാപക തസ്തിക സൃഷ്ടിക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കാനും ധാരണയായി. സംസ്ഥാന വിദ്യാഭ്യാസ നിയമത്തിൻ്റെ പ്രാരംഭഘട്ടം മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന ചട്ടങ്ങൾ പുനഃപരിശോധിക്കും. സ്പെഷ്യലിസ്റ്റ് വിഷയങ്ങളിലെ അധ്യാപകരുടെ വിഷയങ്ങൾ സംബന്ധിച്ചു വിശദമായ പഠനം നടത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചു.

ഹയർസെക്കന്‍ഡറി തസ്തിക നിർണയം

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ 2024-25 വർഷത്തെ തസ്തിക നിർണയം നടത്തിയത് പ്രകാരവും, 2021-22 വർഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ തസ്തികയും ഉൾപ്പെടെ 119 ജൂനിയർ എച്ച്എസ്എസ്‌റ്റി തസ്തികകൾ സൃഷ്ടിച്ചു. 146 ജൂനിയർ എച്ച്എസ്എസ്‌റ്റി തസ്തികകൾ, എച്ച്എസ്എസ്‌റ്റി തസ്തികകൾ ആയി അപ്ഗ്രേഡ് ചെയ്യാനും തീരുമാനമായി.

മലയാളത്തിന് പ്രോത്സാഹനം

ഹയർസെക്കന്‍ഡറിയിൽ പഠിക്കുന്ന മലയാളത്തിന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഇനിമുതൽ സ്‌കോളർഷിപ് നൽകും. പത്താം ക്ലാസ്സിൽ മലയാളത്തിന് ഉന്നതവിജയം കരസ്ഥമാക്കി ഹയർസെക്കന്‍ഡറിയിൽ മലയാളം ഉപഭാഷയായി പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പിന് അർഹതയുള്ളത്. ഇതുമായിബന്ധപ്പെട്ട മറ്റു വിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ മുഖാന്തരം അറിയിക്കുന്നതാണ്.

പ്രീപ്രൈമറി ഓണറേറിയം വർധിപ്പിച്ചു

സംസ്ഥാനത്ത് അംഗീകാരമുള്ള സർക്കാർ പ്രീപ്രൈമറികളിൽ ഓണറേറിയം വർധിപ്പിച്ചു. 2835 അധ്യാപകരും 1941 ആയമാരുമാണ് നിലവിലുള്ളത്. ഇവർക്ക് 1000 രൂപ വർധിപ്പിച്ച് തീരുമാനമായിട്ടുണ്ട്. ബഡ്ജറ്റിൽ പ്രീപ്രൈമറി ജീവനക്കാർക്ക് ആയിരം രൂപ വർധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷം തന്നെ രണ്ട് തവണയാണ് വർധനവ് നടത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ കെ-ടെറ്റ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുളള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*