
സിനിമ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല. പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ല. രണ്ടുപേരും സംസാരിച്ച് ഈ വിവാദം അവസാനിപ്പിക്കണമെന്ന് കൈതപ്രം ആവശ്യപ്പെട്ടു.
കോണ്‍ക്ലേവ് വളരെ നല്ല ആശയമാണ്. നല്ല മനസ് നല്ല സിനിമ, നല്ല കാലം എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു കോണ്‍സെപ്റ്റ് ആണ്. എനിക്ക് ആ കലാകാരിയെയും ഇഷ്ടമാണ്. അടൂരിനെ ഗുരുവിനെ പോലെ ബഹുമാനിക്കുന്നതാണ്. ഞാന്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇത് തുടരരുത്, നിര്‍ത്തണം. സ്‌നേഹത്തിന്റെ ഭാഷയില്‍ നമുക്ക് നിര്‍ത്തുകയും ഗവണ്‍മെന്റിന്റെ കൂടെ നില്‍ക്കുകയും ചെയ്യണം എന്നുള്ളതാണ് എന്റെ അഭിപ്രായം – അദ്ദേഹം പറഞ്ഞു.
ചര്‍ച്ചകള്‍ നല്ലതാണെന്നും പരസ്പരം അധിക്ഷേപിക്കുന്ന വിവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ ജാതിയൊന്നും വച്ച് സംസാരിക്കുന്ന ആളല്ല. ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്. ആ മോളെ എനിക്ക് തള്ളിപ്പറയാനും പറ്റില്ല. അവര്‍ രണ്ടുപേരും തന്നെ പറഞ്ഞ് തീര്‍ക്കണം എന്നാണ് അഭിപ്രായം – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിന് പുറമേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.
Be the first to comment