കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച് സിപിഐഎം. കോണ്‍ഗ്രസിന് മുതലെടുപ്പിന് അവസരമൊരുക്കരുതെന്നാണ് സിപിഐഎം പാര്‍ട്ടി ഫ്രാക്ഷന്‍ തീരുമാനം. വിഷയത്തില്‍ ഭിന്നാഭിപ്രായം പാടില്ലെന്നും തീരുമാനമെടുത്തു.
വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള ആരോപിച്ചു.
ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിന് മുന്‍പാണ് പാര്‍ട്ടി ജില്ല നേതൃത്വം സിപിഐഎം അഗങ്ങളുടെ യോഗം വിളിച്ചത്. സ്റ്റേഡിയം കൈമാറ്റത്തില്‍ ജിസിഡിഎയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കെ ചന്ദ്രന്‍പിള്ള പാര്‍ട്ടി ഫ്രാക്ഷനില്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ എല്ലാം പാലിച്ചാണ് സ്റ്റേഡിയം കൈമാറിയതെന്നും ചന്ദ്രന്‍പിള്ള അറിയിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പിനെ പ്രതിരോധിക്കാനാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം ജിസിഡിയിയേക്ക് എതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്. രാവിലെ ബിഡിജെഎസും യുവമോര്‍ച്ചയും പ്രതിഷേധ മാര്‍ച്ച് നടത്തി. ഉച്ചയ്ക്കുശേഷം ജിസിഡിക്ക് മുന്‍പില്‍
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ഫുട്‌ബോളുകളിയും തീരുമാനിച്ചിട്ടുണ്ട്.
വിഷയത്തില്‍ ജിസിഡിഎയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി എസ് സതീഷ് പ്രതികരിച്ചു. സ്റ്റേഡിയം സ്വകാര്യവത്കരിക്കും എന്നത് തെറ്റായ പ്രചരണമെന്നും കോണ്‍ഗ്രസ് തെറ്റിധാരണ പരത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സ്റ്റേഡിയം നശിപ്പിക്കാന്‍ സംഘടിതമായ ശ്രമം നടന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇത് അനുവദിക്കില്ലെന്നും പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.



Be the first to comment