‘റീജിയണൽ സിനിമകളാണ് ഇപ്പോൾ ഇന്റർനാഷണലുകളാകുന്നത്; കലയോടുള്ള ആത്മാർഥതയാണ് പ്രധാനം’ ;കമൽ ഹാസൻ

കാന്താര, ദൃശ്യം തുടങ്ങിയ സിനിമകൾ ഇന്ന് അതിർത്തികൾ കടന്ന് മറ്റ് ഭാഷയിലും വലിയ ഹിറ്റാണെന്ന് നടൻ കമൽ ഹാസൻ. പ്രാദേശിക സിനിമകൾ എല്ലാം ഇന്ന് നാഷണൽ കൾച്ചറൽ ഇവന്റുകളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വച്ച് നടന്ന ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

“റീജിയണൽ സിനിമകളാണ് ഇപ്പോൾ ശരിക്കും ഇന്റർനാഷണലുകളാകുന്നത്. മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തിലും നിന്ന് വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അത്തരം സിനിമകളെല്ലാം ലോകത്തിന്റെ വിവിധ കോണുകളിലെത്തുന്നുണ്ട്.

ദക്ഷിണ കർണാടകയുടെ വേരുകളിൽ ആഴ്ന്നിറങ്ങി കഥ പറഞ്ഞ കാന്താര രാജ്യത്തെ മുഴുവൻ കോരിത്തരിപ്പിച്ചു. മലയാളത്തിലെ മിസ്റ്ററി ത്രില്ലറായ ദൃശ്യം ഒരു സാധാരണക്കാരന്റെ അസാധാരണ പവറുകൾ എന്തൊക്കെയാണെന്ന് കാണിച്ച സിനിമ, അത് അനായാസമായി ഭാഷകളുടെ അതിർത്തികൾ താണ്ടി.

മുംബൈ മുതൽ മലേഷ്യ വരെ പുഷ്പ, ബാഹുബലി പോലെയുള്ള തെലുങ്ക് ചിത്രങ്ങളിലെ ഡയലോ​ഗുകൾ നിത്യോപയോ​ഗ വാക്കുകളായി മാറി”.- കമൽ ഹാസൻ പറഞ്ഞു. “വിക്രം എന്ന ഏജന്റിന്റെ കഥയും അമരൻ എന്ന പട്ടാളക്കാരന്റെ കഥയും തമിഴിനേക്കാൾ കൂടുതൽ ആഘോഷിച്ചത് മറ്റു ഭാഷക്കാരായിരുന്നു.

ഇത്തരം സ്വീകാര്യതകളെല്ലാം തെളിയിക്കുന്നത് ബജറ്റല്ല. കലയോടുള്ള ആത്മാർഥതയാണ് പ്രധാനമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. ഒരു നാടിന്റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങിയ കഥകളാണ് എല്ലാ കാലത്തും നിലനിൽക്കുക. ഈ വിജയങ്ങളെല്ലാം സിംപിളായി പറയുന്ന ഒരു കാര്യമുണ്ട്. കലർപ്പില്ലാത്ത പ്രാദേശിക സിനിമകൾ, നിരോധിക്കാനാകാത്ത കറൻസി പോലെയാണ്”.- കമൽ ഹാസൻ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*