പ്രമുഖ ബിൽഡറും കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കർണാടക പോലീസ്. അശോക് നഗർ പോലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
കേരളത്തിൽ നിന്നാണ് ആദായനികുതി സംഘം എത്തിയതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്ത് റെയ്ഡ് നടന്നിരുന്നു. ജീവനക്കാരുടെയും ഐടി ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. ഫൊറൻസിക്, ബാലിസ്റ്റിക് ടീമുകൾ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. സിജെ റോയ്‌യെ ഇന്ന് ഒരു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നുവെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു സിജെ റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്. ഓഫീസിനകത്ത് വെച്ച് സ്വന്തം തൊക്ക് ഉപയോഗിച്ച് നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.



Be the first to comment