കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; മുഖ്യ പ്രതി അലുവ അതുൽ പിടിയിൽ

കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യ പ്രതി അലുവ അതുൽ പിടിയിലായി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് അലുവ അതുലിനെ പിടികൂടിയത്.

കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന അലുവ അതുൽ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. തൃശൂരിൽ വെച്ച് വാടകയ്ക്ക് വാഹനം എടുത്തതിന് ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസും ഡാൻസാഫ് സംഘവും പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂരിൽ പരിശോധനകൾ ആരംഭിച്ചിരുന്നു. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപം ഇയാൾ രഹസ്യമായി കഴിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും കൊലപാതകത്തിൽ അലുവ അതുലിന്റെ പങ്ക് വ്യക്തമായിരുന്നു. ജിം സന്തോഷിനെ കൊലപ്പെടുത്തിയതിന് ശേഷം മടങ്ങിപോകുന്നതിനിടയിൽ ഇതേ കേസിലെ മറ്റൊരു പ്രതിയായ അനീറിനെ വവ്വാക്കാവിൽവെച്ച് വെട്ടിയതും ഇയാൾ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അലുവ അതുലിനെ കൂടി കണ്ടെത്താനായതോടെ കേസിലെ മുഴുവൻ പ്രതികളെയും പൊലീസിന് പിടികൂടാനായി.

നേരെത്തെ അലുവ അതുലിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എയർ പിസ്റ്റൺ കരുനാഗപ്പള്ളി പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് മഴുവും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെത്തി.അലുവ അതുലിനായി സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു വീട്ടിലെ പരിശോധന.

അതേസമയം, കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെയാണ് മാർച്ച് 27ന് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*