
ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സിപിഐഎം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ ഇഡിയുടെ കുറ്റപത്രത്തില്‍ ആലത്തൂര്‍ എംപിയും മുന്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതാണ് സിപിെഎഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. നിലവില്‍ കേന്ദ്രകമ്മിറ്റി അംഗമാണ് കെ രാധാകൃഷ്ണന്‍. മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ എ സി മൊയ്തീന്‍, സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരാണ് കേസില്‍ പ്രതികളാക്കപ്പെട്ട മറ്റ് നേതാക്കള്‍. ഇവര്‍ മൂന്നുപേരും വിവിധ ഘട്ടങ്ങളിലായി സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്നു.
വ്യാജ രേഖകള്‍ ഉണ്ടാക്കി ബാങ്കില്‍ നിന്നും പ്രതികള്‍ 180 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. കെ രാധാകൃഷ്ണന്‍ എംപിയെ ഒരുമാസം മുന്‍പായിരുന്നു ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കെ രാധാകൃഷ്ണനെ ഡല്‍ഹിയിലുള്ള സംഘമാണ് പിന്നീട് ചോദ്യം ചെയ്തത്. ക്ലീന്‍ ഇമേജുള്ള രാധാകൃഷ്ണനെ സാമ്പത്തിക തട്ടിപ്പുകേസില്‍ ഇഡി ചോദ്യം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എംപി ഒരു സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിസ്ഥാനത്തുവരുന്നത് സിപിഐഎമ്മിന് ദേശീയതലത്തില്‍ തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്. ചോദ്യം ചെയ്യാനായി വിളിപ്പിച്ച സന്ദര്‍ഭത്തില്‍ കെ രാധാകൃഷ്ണനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു സിപിഐഎമ്മിന്റെ പ്രചാരണങ്ങള്‍. എന്നാല്‍ കേസില്‍ 70ാം പ്രതിയാണ് കെ രാധാകൃഷ്ണന്‍. എ സി മൊയ്തീന്‍ 67ാം പ്രതിയും എം എം വര്‍ഗീസ് 68ാം പ്രതിയുമാണ്.
പ്രതിചേര്‍ക്കുമെന്ന് കരുതിയിരുന്ന എം കെ കണ്ണന്‍, മുന്‍ ആലത്തൂര്‍ എംപി പി കെ ബിജു എന്നിവരെ ഇഡി പ്രതിചേര്‍ത്തതുമില്ല. ഇഡിക്കെതിരെ സിപിഐഎം ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണ് കരുവന്നൂര്‍ കേസില്‍ മുതിര്‍ന്ന നേതാക്കളെ പ്രതികളാക്കി കുറ്റപത്രം നല്‍കിയത്. ഇത് കേരള രാഷ്ട്രീയത്തിലും സിപിഐഎമ്മിനെതിരെ എതിരാളികള്‍ ശക്തമായ രാഷ്ട്രീയ ആയുധമാക്കും.
കേസില്‍ ഇഡി അന്വേഷണം ഇഴയുന്നതായുള്ള ആരോപണം ശക്തമായിരുന്നു. പൊലീസ് അന്വേഷണം ഫലപ്രദമായി നടത്താത്തതില്‍ ഹൈക്കോടതി നേരത്തെ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ ബിജെപിയുടെ പ്രധാന ആയുധമായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്. ആദ്യം സംസ്ഥാന വിജിലന്‍സ് അന്വേഷിച്ച കേസ് പിന്നീട് ഇഡിയും ഏറ്റെടുക്കുകയായിരുന്നു. ഇഡി രേഖകള്‍ കൊണ്ടുപോയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപി കരുവന്നൂരില്‍ നിന്നും തൃശൂര്‍ വരെ അഴിമതിവിരുദ്ധ മാര്‍ച്ച് നടത്തിയിരുന്നു. പ്രധാനമന്ത്രി മോദി കേരളത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഉയര്‍ത്തിയ പ്രധാന രാഷ്ട്രീയ വിഷയവും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പായിരുന്നു.
സിപിഐഎം പ്രാദേശിക നേതൃത്വവും ജില്ലാ നേതൃത്വവും അറിഞ്ഞുകൊണ്ടാണ് കോടികളുടെ വായ്പാ തട്ടിപ്പ് അരങ്ങേറിയതെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്. 128 കോടിയുടെ സ്വത്തുവകകള്‍ പ്രതികളില്‍ നിന്നും ഇഡി കണ്ടുകെട്ടിയിരുന്നു.
സിപിഐഎമ്മിന്റെ ഭരണത്തിലുണ്ടായിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും അംഗങ്ങള്‍ അറിയാതെ വ്യാജ രേഖകള്‍ ഉണ്ടാക്കി, ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് പലപ്പോഴായി കോടികളുടെ തട്ടിപ്പാണ് നടത്തിയത്. വായ്പാകുടിശിക അടക്കാനായി പലര്‍ക്കും നോട്ടീസ് കിട്ടിയതോടെയാണ് തട്ടിപ്പുവിവരം പുറത്തുവന്നത്.
വീട് നിര്‍മിക്കുന്നതിനും മക്കളുടെ ഉപരിപഠനത്തിനും വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി പണം നിക്ഷേപിച്ച നൂറുക്കണക്കിന് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ ബാങ്കിന് മുന്നില്‍ പ്രത്യക്ഷസമരം ആരംഭിച്ചു. ചികിത്സിക്കാന്‍ പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് ജീവഹാനിപോലും സംഭവിച്ചു. ഇതോടെ പ്രതിഷേധം കനത്തു. കഴിഞ്ഞ നാലു വര്‍ഷത്തിലേറെക്കാലമായി നിക്ഷേപകരില്‍ ഭൂരിപക്ഷം പേരും ബാങ്കില്‍ കയറിയിറങ്ങുകയായിരുന്നു. കേരള ബാങ്കിന്റെ സഹായത്തോടെ കരുവന്നൂര്‍ ബാങ്കിനെ രക്ഷിച്ചെടുക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഘട്ടംഘട്ടമായി നിക്ഷേപ തുക തിരികെ നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടേയും സഹകരണമന്ത്രിയുടേയും പ്രഖ്യാപനം. സംസ്ഥാനത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയുണ്ടായതിന് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും ഒരു പ്രധാന വിഷയമായിരുന്നു.
Be the first to comment