12 ദിവസത്തോളം നീണ്ട ആസൂത്രണം; പഴുതടച്ച സൈനിക നീക്കം, പ്രതിരോധിക്കാന്‍ ഇട നല്‍കാതെ മിന്നലാക്രമണം

ന്യൂഡല്‍ഹി: ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയത് 12 ദിവസത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍. 8-9 ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണ പദ്ധതി രൂപപ്പെടുത്തുന്നത്. ഓപ്പറേഷനില്‍ ആക്രമിക്കേണ്ട പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളെയും മൊഡ്യൂളുകളെയും കണ്ടെത്താനായി വീണ്ടും മൂന്നു നാലു ദിവസം കൂടി ചെലവഴിച്ചു.

ഭീകര സംഘടനകളുടെ നേതാക്കളെയും അവരുടെ രഹസ്യാന്വേഷണ ശൃംഖലകളെയും പൂര്‍ണ്ണമായ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള തന്ത്രപരമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. അതുവഴി ഇന്ത്യയുടെ മിന്നലാക്രമണത്തെ പ്രതിരോധിക്കാനുള്ള ഭീകരരുടെ സാധ്യത ഇല്ലാതാക്കി. അപ്രതീക്ഷിത ആക്രമണത്തിലൂടെ കൂടുതല്‍ നാശം വരുത്താനായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്.

ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിരീക്ഷിച്ചിരുന്നു. ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദൗത്യം പൂര്‍ത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി സേനാ മേധാവിമാരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഉറിയില്‍ ഭീകരാക്രമണത്തിന്, 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ട് ആക്രമണവും 12 ദിവസങ്ങള്‍ക്ക് ശേഷമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് 13 ദിവസങ്ങള്‍ക്ക് ശേഷവും ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാമ്പുകളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*