
ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ഭീകര ക്യാംപുകള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂര്‍ ആക്രമണം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസൂത്രണം ചെയ്തതുപോലെ വിജയകരമായി പ്രത്യാക്രമണം നടത്താന്‍ സൈന്യത്തിന് സാധിച്ചു. പദ്ധതി നടപ്പാക്കിയതില്‍ ഒരു പിഴവും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില് വിശദീകരിച്ചു. നമ്മുടെ സേന സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്തത്. നമ്മുടെ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ മുഴുവന്‍ രാജ്യവും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സൈനിക സംവിധാനത്തിനും ഒപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രിമാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നീട് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട്, ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങളും, നിലവിലെ സ്ഥിതിഗതികളും വിശദീകരിച്ചു.
അമിത് ഷാ അടിയന്തരയോഗം വിളിച്ചു
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികൾ വിലയിരുത്തി. പാകിസ്ഥാന്, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവിമാര്‍ തുടങ്ങിയവരുടെ യോഗമാണ് ചേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ സുരക്ഷ ശക്തമാക്കല്‍ അടക്കം ചര്‍ച്ചയായി.
അതിര്‍ത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍, ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ ആഭ്യന്തര സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത അമിത് ഷാ കര്‍ശന ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനകളോട് ആവശ്യപ്പെട്ടു. അവധിയിലുള്ള എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളിലെയും ഉദ്യോഗസ്ഥരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നാളെ സര്‍വകക്ഷിയോഗം
ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാനായി കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ‘2025 മെയ് 8 ന് രാവിലെ 11 മണിക്ക് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് കോംപ്ലക്സിലെ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിലെ കമ്മിറ്റി റൂം: ജി -074 ല്‍ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്’ എന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എക്സിലൂടെ അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ അടിയന്തരയോഗം ചേര്‍ന്ന് വിലയിരുത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
പാക് പഞ്ചാബില്‍ അടിയന്തരാവസ്ഥ
ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രവിശ്യയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചതായി മുഖ്യമന്ത്രി മറിയം നവാസ് അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും അവധികള്‍ റദ്ദാക്കി. ഇവരോട് ജോലിയില്‍ കയറാന്‍ നിര്‍ദേശിച്ചു. സുരക്ഷാ ഏജന്‍സികളോട് അതീവ ജാഗ്രത പുലര്‍ത്താനും പാക് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാംപുകളാണ് തകര്‍ത്തത്.
Be the first to comment