‘കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും’; സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് കെ.ബി ഗണേഷ് കുമാർ

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസ് പണിമുടക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ബസ് സർവീസ് അവശ്യ സർവീസാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും  മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

സ്വകാര്യ ബസുകളുടെ ഹോൺ അടി പബ്ലിക് നുയിസൻസ് ആണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്താണേൽ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്കെടുത്ത് വെടി വെച്ച് കളയും. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ ബസ് ജീവനക്കാരെ മുൻ നിർത്തിയാണ് ബസ്സുടമകളുടെ സമരനാടകം. സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധനകളെ സമ്മർദ്ദത്തിലാക്കാനാണ് ഉടമകളുടെ ശ്രമം. കാക്കനാട് മിന്നൽ പണിമുടക്ക് നടത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്തൽ. ബസ്സുടമകളുടെ നിർണായക ശബ്ദ സന്ദേശം ട്വന്റി ഫോറിന് ലഭിച്ചിരുന്നു.

സ്വകാര്യ ബസ്സുകളിൽ പലതും നിരത്തിലിറക്കുന്നത് ബിനാമി ഇടപാടുകളിലൂടെയെന്നും ആർസി ഓണറിന്റെ പേരിൽ കൃത്രിമം നടക്കുന്നുവെന്നും  ഇതിനു പിന്നാലെയാണ് മിന്നൽ പണിമുടക്ക് നടത്തിയത്.

കൊച്ചിയിൽ പല സ്വകാര്യ ബസുകളും ഓടുന്നത് സർക്കാർ ഉദ്യോഗസ്ഥർ അടക്കം ബിനാമികളുടെ പേരുകളിലാണ്. ആർ.സി. ഉടമകളുടെ പേരുകളിലും കൃത്രിമം നടക്കുന്നുവെന്നതിനെ തുടർന്ന് അസ്വസ്ഥരായ ബസുടമകൾ ജീവനക്കാരെ മുൻനിർത്തിക്കൊണ്ട് പണിമുടക്ക് നടത്തുകയായിരുന്നു. ബസുടമകളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇന്നത്തെ സമരം എന്നത് വ്യക്തമാണ്.

സ്വകാര്യ ബസ് ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ സർക്കാരിന് വോട്ട് നൽകരുതെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള പണിമുടക്ക് നടത്തുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും, അതിനുശേഷം അധികാരികൾ ചർച്ചയ്ക്ക് വിളിക്കുമെന്നും ബസുടമകൾ പ്രതീക്ഷിക്കുന്നു.ചർച്ചയ്ക്ക് വിളിക്കുമ്പോൾ തങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കാനാണ് ബസുടമകളുടെ നീക്കം. നേരത്തെ എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടാനാകുമെന്നാണ് ബസുടമകൾ കരുതുന്നത്. ഇതിനായി കൂടുതൽ സമരങ്ങൾ നടത്തണമെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*