പത്തനാപുരം-തിരുവനന്തപുരം റൂട്ടില്‍ പുതിയ ബസ്; വണ്ടി ഓടിച്ച് നോക്കി സ്വന്തം നാടിന് സമര്‍പ്പിച്ച് മന്ത്രി ഗണേഷ് കുമാര്‍

പത്തനാപുരം-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേലില ജംങ്ഷനില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് മേലില അറയ്ക്കല്‍ ക്ഷേത്രം വഴി തിരുവനന്തപുരത്തേക്കുള്ള ബസ് സര്‍വീസ് തുടങ്ങിയത്.

പുതിയതായി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ബസുകള്‍ക്കും പുതിയ സര്‍വീസുകള്‍ക്കും നല്ല ഫീഡ് ബാക്ക് ലഭിക്കുന്നതിനാല്‍ ഈ സര്‍വീസിനെക്കുറിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി ഗണേഷ് കുമാര്‍  പറഞ്ഞു. കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് നാഷണല്‍ ഹൈവേയിലൂടെയല്ലാതെ ലിങ്ക് ബസ് ആരംഭിക്കുകയാണ്. കേരളത്തിലെ ചെറിയ റോഡുകളിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസും കെഎസ്ആര്‍ടിസി എടുക്കുകയാണ്. ഇതെല്ലാം വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് വന്‍ വിജയമായെന്നും ആവശ്യക്കാര്‍ ഏറുകയാണെന്നും മന്ത്രി പറഞ്ഞു. 40000 കാര്‍ഡ് നിലവില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇത് എംഎല്‍എമാരുടെ നിര്‍ദേശ പ്രകാരം വടക്കന്‍ ജില്ലകള്‍ക്ക് വിതരണം ചെയ്യും. ഇത് കൂടാതെ അഞ്ച് ലക്ഷം കാര്‍ഡുകള്‍ കൂടി പ്രിന്റ് ചെയ്യാനിരിക്കുകയാണ്. എല്ലാവര്‍ക്കും കാര്‍ഡുകള്‍ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിസിനസ് ക്ലാസ് ബസുകള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇത്തരം ബസുകള്‍ ഇന്ത്യയിലാദ്യായി അവതരിപ്പിക്കുന്നത് കേരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*