കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് നടത്തിയ സത്യാഗ്രഹ സമരം വെറും നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു. ജനങ്ങളെ പറ്റിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ നയത്തിലൂടെ ഉൾപ്പെടെ ബിജെപിയുടെ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കാൻ കേന്ദ്രത്തിന് ഒത്താശ ചെയ്യുന്ന സർക്കാരാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാറിന്റെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും കേരളത്തിൽ ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ കൂട്ടാളിയാണ് അദ്ദേഹമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തൊഴിലുറപ്പ്പദ്ധതിയെ കൊല്ലാക്കൊല ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഫെഡറൽ വ്യവസ്ഥിതിക്ക് എതിരായ കടന്നാക്രമണം. RSS ൻ്റെ ഗെയിം പ്ലാൻ ആണിത് മഹാത്മാഗാന്ധിയുടെ ആശയങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണിത്. സംസ്ഥാന സർക്കാർ ബിൽ പാസാക്കണം. ആർഎസ്എസ് അജണ്ട നടപ്പിലാക്കിയ മുഖ്യമന്ത്രി, പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗം. സിപിഐ പോലും അറിയാതെയായിരുന്നു ഒപ്പിടൽ.
കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിൻ്റെ സമരത്തിൽ മുഖ്യമന്ത്രിയുടെ എം പിമാർക്കെതിരായ പരാമർശം. യുഡിഎഫ് എംപിമാരുടെ പ്രകടനം പരിശോധിച്ചാൽ മനസിലാകും. അവരുടെ ഇടപെടലുകൾ പരിശോധിക്കാം. മുഖ്യമന്ത്രിയുടെ നിലവാരം തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ താഴെ പോയി. സ്വന്തം മുന്നണിയിലെ സിപിഐയെ അറിയിക്കാതെ ആർഎസ്എസ് അജണ്ട നടപ്പാക്കി. ആ മുഖ്യമന്ത്രിക്ക് യുഡിഎഫിനെ ക്ഷണിക്കാൻ എന്ത് ധാർമികതയാണ് ഉള്ളതെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
ലോകം കണ്ട ഏറ്റവും വലിയ തൊഴിൽദാന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. പുതിയ ഭേദഗതിയിലൂടെ തൊഴിൽ അവകാശമെന്നത് ഇല്ലാതായി. പഴയ നിയമം അനുസരിച്ച് വേതനത്തിന്റെ 100% വും കേന്ദ്രമാണ് കൊടുക്കേണ്ടത്. പുതിയ ഭേദഗതി അനുസരിച്ച് 60% മാത്രമാണ് കൊടുക്കുക. 40% സംസ്ഥാനം കൊടുക്കണം. കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന് ഇത് അധിക ബാധ്യത ഉണ്ടാക്കും. 2000 കോടി രൂപ സംസ്ഥാന ഖജനാവിൽ നിന്ന് കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.



Be the first to comment