
വഖഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ യു ഡി എഫ് എം പിമാര്‍ വോട്ടുചെയ്യണമെന്ന കെ സി ബി സി നിലപാടില്‍ ഞെട്ടി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മുനമ്പം വഖഫ് ഭൂമിവിഷയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി ബി സിയുടെ ഈ നിലപാട്. വിവിധ ക്രിസ്ത്യൻ സഭകളും മോദി സര്‍ക്കാര്‍ നാളെ സഭയില്‍ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന് അനുകൂല നിലപാടുമായി രംഗത്തു വരികയാണ്.
കാത്തലിക് ബിഷപ്പ് കൗണ്‍സിലും വഖഫ് ബില്ലിന് അനുകൂല പ്രസ്താവന നടത്തിയിരിക്കയാണ്.
വഖഫ് നിയമം ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണെന്നാണ് സി ബി സി ഐയുടെ നിലപാട്. കെ സി ബി സിയുടെ ആഹ്വാനത്തില്‍ കോണ്‍ഗ്രസ് ഇതുവരെ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. വഖഫ് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിച്ചാലും അത് കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കും. മുസ്ലിം വോട്ടും ക്രിസ്ത്യൻ വോട്ടുഭിന്നിക്കാതെ വേണം ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്. ഇതാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതും.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലില്‍ അനുകൂലമായി വോട്ടു ചെയ്യണമെന്നാണ് കെ സി ബി സി കേരളത്തിലെ എം പി മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കെ സി സി ബി സിയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് എം പിമാര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയാവുന്ന കെ സി ബി സിയും മറ്റു ക്രിസ്ത്യൻ സംഘടനകളും യു ഡി എഫിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വഖഫ് വിഷയം കോണ്‍ഗ്രസിന് കൂനിന്‍മേല്‍ കുരുവായി മാറും. കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തെ ബി ജെ പിക്ക് അനുകൂലമാക്കിമാറ്റാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ഉയരുന്നതിനിടയിലാണ് വഖഫ് വിഷയത്തില്‍ കെ സി ബി സി നിലപാട്.
ബി ജെ പിയൊരുക്കിയ കെണിയില്‍ കേരളത്തിലെ ക്രിസ്ത്യൻ സഭ അകപ്പെട്ടുവെന്നാണ് യു ഡി എഫിലെ ഘടകകക്ഷികളുടെ ആരോപണം. ബി ജെ പി വഖഫ് നിയമത്തില്‍ കാതലായ മാറ്റങ്ങളാണ് ബില്ലിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ബില്‍ പാസായാല്‍ മുനമ്പം അടക്കമുള്ള വിവാദ വിഷയത്തില്‍ അനുകൂലമായ വിധിയുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് കെ സി ബി സി.
മുനമ്പം വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മില്‍ അഭിപ്രായഭിന്നത നിലവിലുണ്ട്. 600 ല്‍ അധികം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലായതോടെ മാസങ്ങളായി മുനമ്പത്ത് ജനകീയ സമരം നടക്കുകയാണ്. ബി ജെ പി യുടെ ദേശീയ നേതാക്കളടക്കം മുനമ്പം വഖഫ് വിരുദ്ധ സമരത്തിന് പിന്തണയുമായി എത്തിയിരുന്നു. ഇതോടെ വഖഫ് ഭേദഗതി ബില്ലില്‍ അനുകൂലമായൊരു നിലപാട് ഉണ്ടാക്കാനുള്ള ശ്രമം ബി ജെ പി ആരംഭിച്ചിരുന്നു.
മുനമ്പത്തത്തേത് വഖഫ് ഭൂമിയല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തുടക്കംതൊട്ടുള്ള നിലപാട്. എന്നാല്‍ മുനമ്പം ഭൂമി വഖഫിന്റെതാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുസ്ലിംലീഗ് നേതാക്കള്‍. മുനമ്പം വിഷയത്തില്‍ രമ്യമായ പരിഹാരമാണ് വേണ്ടതെന്ന് ലീഗ് നിലപാട് സ്വീകരിച്ചെങ്കിലും വിഷയത്തില്‍ വ്യക്തമായൊരു പരിഹാര നിര്‍ദേശം ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം കുടിയിറക്ക് വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. ആരേയും കുടിയിറക്കില്ലെന്ന് പ്രസ്താവന നടത്തിയതല്ലാതെ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.സമരം ശക്തിപ്പെട്ട സാഹചര്യത്തിലാണ് വിഷയം പഠിക്കുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ക്കുമായി ഒരു കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനായി നിയമിച്ച് തല്‍ക്കാലം മുനമ്പം വിഷയത്തില്‍ നിന്നും തലയൂരാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിയത്. എന്നാല്‍ ഈ നീക്കത്തിന് കോടതിയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ നിയമപരമായി ഒരു അധികാരവുമില്ലാത്ത കമ്മീഷനെ നിയോഗിച്ചത് സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടിയായി. ഇതോടെ രാമചന്ദ്രന്‍നായര്‍ കമ്മീഷനും ഇല്ലാതായി. ഇതോടെ വഖഫ് ഭൂമി പ്രശ്‌നത്തിൽ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാവുന്നതോടെ വിഷയത്തില്‍ തീര്‍പ്പുണ്ടാവുമെന്നാണ് സമര സമിതിയുടെ വിലയിരുത്തല്‍. വഖഫ് ബില്‍ പാസാവുന്നതോടെ നിയമപരമായി മുനമ്പം വിഷയത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കെ സി ബി സിയും സി ബി സി ഐയും. ദീപിക ദിന പത്രവും ബില്ലിനെ യു ഡി എഫ് എം പി മാര്‍ പിന്തുണയ്ക്കണമെന്ന് മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
വഖഫ് വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ ലീഗ് നേതൃത്വം ഉറച്ചു നില്‍ക്കുകയും സഭാ നേതൃത്വം ബി ജെ പി കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ഫലത്തില്‍ യു ഡി എഫിനെ പ്രതികൂലമായി ബാധിക്കും. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ കുറഞ്ഞാല്‍ അത് കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിന് വലിയ തിരിച്ചടിയുണ്ടാവുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. യു ഡി എഫിന്റെ പ്രധാന വോട്ടുബാങ്കായ ക്രിസ്ത്യൻ വിഭാഗം വഖഫ് വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനോട് അകല്‍ച്ച പ്രഖ്യാപിച്ചാല്‍ അത് യു ഡി എഫിനെ ക്ഷീണിപ്പിക്കും. വഫഖ് നിയമം മാറണമെന്ന ശക്തമായ നിലപാടിലാണ് സഭാ നേതൃത്വവും വിവിധ ക്രിസ്ത്യൻ സംഘടനകളും. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും വഖഫ് വിഷയത്തില്‍ സഭയെ തള്ളുമോ, അതോ ബി ജെ പി വിരുദ്ധ നിലപാട് തുടരുമോ എന്നാണ് ഇനി അറിയേണ്ടത്.
യു ഡി എഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ മലബാര്‍ മേഖലയില്‍ മുസ്ലിംലീഗിന്റെ സഹായം അനിവാര്യമാണ്. വഖഫ് നിയമഭേദഗതി ബില്ലില്‍ ബി ജെ പിക്കെതിരെ നിലവിലുള്ള നിലപാട് തുടരുകമാത്രമേ കോണ്‍ഗ്രസിന് നിര്‍വാഹമുള്ളൂ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ഇത് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.
c
Be the first to comment