കീം 2025: പ്ലസ് ടു മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി, പുതിയ തീയതി അറിയാം

തിരുവനന്തപുരം : 2025-ലെ എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് വിദ്യാർഥികളുടെ മാർക്ക് സംബന്ധിച്ച വിവരങ്ങൾ പരിശോധനയ്ക്കായി www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 10 വൈകിട്ട് 6 വരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2332120, 2338487.

മാർക്ക് ഓൺലൈനായി സമർപ്പിക്കാം

കീം 2025 ലെ എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10 രാത്രി 11.59 മണിവരെ നീട്ടി. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2332120, 2338487.

മാർക്ക് സമർപ്പിക്കേണ്ടത് എങ്ങനെ

സിഇഇ കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in വഴി വിദ്യാർഥികൾക്ക് പ്ലസ് ടു മാർക്ക് സമർപ്പിക്കാം. അപേക്ഷ നമ്പർ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് ‘കെഇഎഎം 2025- കാൻഡിഡേറ്റ് പോർട്ടൽ’ വിഭാഗത്തിൽ ‘മാർക്ക് സബ്മിഷൻ ഫോർ എൻജിനിയറിങ്’ എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം.

മാർക്ക് ലിസ്റ്റ് സമർപ്പിക്കുന്നതിന് മുൻപ് പോർട്ടലിൽ കാണുന്ന മാർക്കുകൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം. സിഇഇയുടെ പക്കൽ വിവരങ്ങൾ ലഭ്യമാണെങ്കിൽ മാർക്കുകൾ അവിടെ രേഖപ്പെടുത്തിയിരിക്കും. തെറ്റുകൾ കണ്ടെത്തിയാലോ മാർക്കുകൾ ലഭ്യമല്ലെങ്കിലോ വിദ്യാർഥികൾക്ക് സ്വന്തമായി മാർക്ക് രേഖപ്പെടുത്തി സമർപ്പിക്കാം.

മാർക്ക് സ്ഥിരീകരിക്കാനുള്ള നടപടികൾ

മാർക്കുകൾ ഉറപ്പിച്ച ശേഷം ‘സബ്മിറ്റ് മാർക്ക് ഡാറ്റ’ ബട്ടൺ ക്ലിക്ക് ചെയ്ത് സമർപ്പിക്കുന്നത് പൂർത്തിയാക്കണം. മാർക്ക് വിവരങ്ങൾ ലഭ്യമല്ലെങ്കിലോ തെറ്റാണെങ്കിലോ, ‘ചേഞ്ച്’ ബട്ടൺ ഉപയോഗിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്ലസ് ടു മാർക്ക് ഷീറ്റുകൾ പിഡിഎഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യണം.

മാർക്ക് വിജയകരമായി സമർപ്പിച്ച വിദ്യാർഥികൾക്ക് ‘മാർക്ക് സബ്മിഷൻ കൺഫർമേഷൻ റിപ്പോർട്ട്’ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം, എന്നാൽ സിഇഇ ഓഫിസിലേക്ക് അയക്കേണ്ടതില്ല. പ്രവേശന സമയത്ത് യഥാർഥ മാർക്ക് ഷീറ്റുകളുമായി മാർക്കുകൾ ഒത്തുനോക്കും.

എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് മുന്നോടിയായിട്ടാണ് മാർക്ക് ലിസ്റ്റ് സമർപ്പിക്കുന്നത്. ഏപ്രിൽ 23നും 29നും (ഏപ്രിൽ 24 ഒഴികെ) നടന്ന കെഇഎഎം 2025 എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ എല്ലാവരും മാർക്ക് വിവരങ്ങൾ കൃത്യമായി സമർപ്പിക്കണം. മാർക്ക് ഓൺലൈനായി സമർപ്പിച്ചില്ലെങ്കിൽ റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താകും.

Be the first to comment

Leave a Reply

Your email address will not be published.


*