
കൊച്ചി: എന്‍ജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ 2011 മുതല്‍ തുടരുന്ന പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കും.
കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. വെയിറ്റേജില്‍ മാറ്റം വരുത്തിയത് എല്ലാവരെയും തുല്യ അനുപാതത്തില്‍ പരിഗണിക്കാനാണ് എന്നായിരുന്നു സര്‍ക്കാര്‍ വാദം. പഴയ രീതിയില്‍ അനുപാതം എടുത്താല്‍ കേരള സിലബസിലെ കുട്ടികള്‍ പിന്നിലായിരിക്കും. പുതിയ നടപടിയില്‍ രണ്ട് സിലബസിനും തുല്യ അനുപാതം ഉണ്ടാവുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഇത് തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചത്. വാദത്തിനിടെ മാര്‍ക്ക് ഏകീകരണത്തിന് അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് എന്‍ജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയത്. കീം പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. സംസ്ഥാന സിലബസുകാരെ സഹായിക്കാന്‍, വെയ്‌റ്റേജ് സ്‌കോര്‍ നിര്‍ണയത്തിന് പുതിയ ഫോര്‍മുല ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് കൊണ്ടുവന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡികെ സിംഗ് വിധിച്ചു.
2011 മുതല്‍ തുടരുന്ന പ്രോസ്‌പെക്ടസ് പ്രകാരമാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്നും നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ജൂലായ് ഒന്നിനായിരുന്നു ഫലപ്രഖ്യാപനം. 14 കൊല്ലമായി തുടരുന്ന രീതി അവസാന നിമിഷം മാറ്റിയത് എന്ത് ബോധോദയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. സംസ്ഥാന സിലബസുകാര്‍ പിന്നാക്കം പോയെന്ന് ബോദ്ധ്യപ്പെട്ടതാകാം കാരണം. നടപടി നീതീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Be the first to comment