
സർക്കാർ വെളിച്ചെണ്ണയായ കേരക്ക് റെക്കോർഡ് വില കയറ്റം. ഒറ്റദിവസം കൊണ്ട് 110 രൂപ വർധിച്ച് 529 രൂപയാണ് ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ വില. ഒരു മാസത്തിനിടെ നാലാം തവണയാണ് കേര വെളിച്ചെണ്ണയ്ക്ക് വില കൂട്ടിയത്.
പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നില നിൽക്കെയാണ് സർക്കാർ ബ്രാൻഡ് കേര വെളിച്ചെണ്ണയുടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നിരിക്കുന്നത്. നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്ക് കിട്ടുമ്പോഴാണ് കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി.
കേരക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയതോടെ വിപണിയിൽ മറ്റു ബ്രാന്റുകളും വില ഉയർത്തിയേക്കും.
Be the first to comment