തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 11ന് സംസ്ഥാനത്തെത്തും. കേരളത്തിലെ എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രത്തിന് രൂപമാറ്റം സംഭവിക്കാൻ പോകുന്ന തെരഞ്ഞെടുപ്പായിരിക്കും വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന 100 ദിവസത്തേക്ക് വികസന കാഴ്ചപ്പാടുകൾ മുൻനിർത്തിയുള്ള പ്രചാരണത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ എങ്ങനെ തോൽപ്പിക്കാം എന്നാണ് മുസ്‌ലിം ലീഗിൻ്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കൾ ചർച്ച ചെയ്യുന്നത്. ഇവർക്ക് വികസനകാര്യങ്ങൾ പറയാനില്ലാത്തതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. വികസന രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ബിജെപിയെ മതേതരത്വത്തിൻ്റെ പേര് പറഞ്ഞ് മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും സഹായത്തോടെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വത്തിൻ്റെ പേരിൽ നടത്തുന്ന ഈ രാഷ്ട്രീയ നീക്കത്തിന് പിന്നിലെ അപകടം കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.
കേരളത്തിലെ ജനങ്ങൾ സിപിഎമ്മിന് ഇനി അവസരം നൽകില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു. പകരം ബിജെപിയും മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, കോൺഗ്രസ് സഖ്യവും തമ്മിലായിരിക്കും പ്രധാന മത്സരം നടക്കുക. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും കുറിച്ചുള്ള വസ്തുതകൾ നിരത്തി മുന്നോട്ട് വരുമ്പോൾ ബിജെപിയെ വർഗീയവാദികൾ എന്ന് വിളിക്കരുത്.
മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും രണ്ട് വ്യത്യസ്ത ആശയങ്ങളുള്ള സംഘടനകളാണെന്നായിരുന്നു പരമ്പരാഗതമായ കാഴ്ചപ്പാട്. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ രണ്ട് സംഘടനകളും ഒരുമിച്ചാണ് പ്രവർത്തിച്ചത്. ജമാഅത്തെ ഇസ്‌ലാമി ഈ നാട്ടിൽ വന്ന് ഇവിടത്തെ രാഷ്ട്രീയം തീരുമാനിക്കുന്നതിലെ അപകടത്തെക്കുറിച്ച് മന്ത്രി എകെ ബാലൻ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഒരു സന്നദ്ധ സംഘടനയാണെന്ന അഭിപ്രായം തെറ്റാണ്. മറിച്ച് അതൊരു മതരാഷ്ട്രവാദം മുന്നോട്ട് വയ്ക്കുന്ന സംഘടനയാണ്. ഇക്കാര്യത്തിൽ ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനത്തെക്കുറിച്ച് ആത്മാർഥമായ ചർച്ചകളാണ് ഉയർന്നു വരേണ്ടതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. യുപിഎ സർക്കാരിൽ കേരളത്തിൽ നിന്ന് എട്ട് മന്ത്രിമാരുണ്ടായിരുന്നിട്ടും അവർ കേരളത്തിന് വേണ്ടി എന്ത് ചെയ്തു എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കണം. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും നടന്ന വികസനങ്ങളെക്കുറിച്ചും ചർച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment