വിമതശല്യവും ഉൾപ്പാർട്ടി വിപ്ലവവും രൂക്ഷം: ആടിയുലഞ്ഞ് മുന്നണികൾ; അനുനയ ചർച്ചകൾ സജീവം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട ഉൾപ്പാർട്ടി വിപ്ലവത്തിൽ ആടിയുലഞ്ഞ് സിപിഎം. സീറ്റ് ലഭിക്കാത്തതിലുള്ള നേതാക്കളുടെ പ്രതിഷേധത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനാവാതെ കോൺഗ്രസ്. പ്രതീക്ഷിച്ച സീറ്റ് കിട്ടാത്തതിലുള്ള മുതിർന്ന നേതാക്കളുടെ പരാതി പരിഹരിക്കാനാകാതെ ബിജെപി. വിമതശല്യത്തിൽ വലയുകയാണ് സംസ്ഥാനത്തെ മൂന്ന് പ്രമുഖ മുന്നണികളും. മാരത്തൺ ചർച്ചകളും വാഗ്ദാനങ്ങളും നൽകി വിമതരെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ചർച്ചകളിലാണ് മുന്നണികൾ.

വിള്ളൽ വീണ ഇടതുകോട്ടകൾ- മറുകണ്ടം ചാടി നേതാക്കൾ

പ്രധാനമായും കണ്ണൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് മുതിർന്ന നേതാക്കൾ സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൻ്റെ പേരിൽ പയ്യന്നൂരിൽ വിമത ശബ്ദമുയർത്തിയത് സിപിഎം ജില്ലാകമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായിരുന്ന വി കുഞ്ഞികൃഷ്ണനാണ്. പയ്യന്നൂർ എംഎൽഎ ടി വി മധുസൂദനനെ ലക്ഷ്യമിട്ട് കുഞ്ഞികൃഷ്ണൻ നടത്തിയ നീക്കങ്ങൾ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം നിലവിൽ യുഡിഎഫ് പിന്തുണയോടെ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഭാര്യ പി കെ ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനാണ് പരസ്യമായി പ്രതിഷേധിച്ചത്. പാർട്ടി ഏറ്റവുമധികം എതിർക്കുന്ന കുടുംബാധിപത്യവും സ്വജനപക്ഷപാതവും സിപിഎമ്മിൽ ഉണ്ടെന്ന ആരോപണമാണ് ഗോവിന്ദൻ ഉയർത്തിയത്. കണ്ണൂരിൽ ഉയർന്ന കലാപക്കൊടി സിപിഎമ്മിനെ ശക്തമായ പ്രതിരോധത്തിലേക്ക് നയിച്ചു.

ആലപ്പുഴയിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ സിപിഎം അംഗത്വം പുതുക്കാതെയാണ് പാർട്ടിക്കെതിരെ രംഗത്ത് വന്നത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എന്നിവർക്കെതിരെ ബിജെപി ബന്ധമടക്കമുള്ള കടുത്ത ആരോപണങ്ങളുയർത്തിയ സുധാകരന് അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണ നൽകിക്കഴിഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മുൻ അംഗവും മുൻ എംഎൽഎയും നിലവിൽ ബ്രാഞ്ച് അംഗവുമായി തരംതാഴ്ത്തപ്പെട്ട മുതിർന്ന നേതാവ് പി കെ ശശി പാർട്ടിക്കെതിരെ വിമതരുടെ കൺവെൻഷൻ വിളിച്ചു കൂട്ടിയാണ് പട കൂട്ടിയത്. 2016ൽ ഷൊർണ്ണൂർ എംഎൽഎ ആയിരുന്ന പി കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. ഗുരുതര പരാതികളെ തുടർന്ന് 2021ൽ സിപിഎം പി കെ ശശിക്ക് സ്ഥാനാർഥിത്വം നൽകാതെ മാറ്റി നിർത്തിയിരുന്നു.

ശശിക്ക് പിന്നാലെ നിലവിലെ നെന്‍മാറ എംഎൽഎ കെ ബാബുവും പാർട്ടി ബന്ധം ഉപേക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. നിലവിൽ അദ്ദേഹത്തിന് പാർട്ടി അവിടെ സ്ഥാനാർഥിത്വം നിഷേധിച്ചിട്ടുണ്ട്. സിപിഎം സ്ഥാനാർഥി പട്ടിക അനുസരിച്ച് അവിടെ കെ പ്രേമനാണ് സിപിഎം സ്ഥാനാർഥി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ മത്സരിക്കുന്ന കൊട്ടാരക്കരയിലും സിപിഎമ്മിൻ്റെ മുൻ എംഎൽഎയെ നേരിടേണ്ട അവസ്ഥയിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ് മുൻ എംഎൽഎയും സിപിഎം ഏരിയ കമ്മറ്റി അംഗവുമായിരുന്ന അയിഷാ പോറ്റി കോൺഗ്രസിലെത്തിയത്. നിലവിൽ നാട്ടിക മണ്ഡലത്തിലെ സിപിഐ എംഎൽഎയായ സി സി മുകുന്ദൻ സ്ഥാനാർഥിത്വം നിഷേധിച്ചതു കൊണ്ടാണ് പാർട്ടി വിട്ടത്. മുകുന്ദന് പകരം നാട്ടിക മണ്ഡലത്തിൽ ഗീതാ ഗോപിയെയാണ് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. യുഡിഎഫ് പിന്തുണയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട അദ്ദേഹം ബിജെപിയിൽ അംഗത്വമെടുത്ത് മത്സരത്തിനിറങ്ങുകയാണ്. വൈക്കത്ത് മുൻ എംഎൽഎയായ അജിത്ത് പാർട്ടി വിട്ടത് നയപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്.

താനൂരിൽ സീറ്റ് നൽകിയെങ്കിലും താൽപര്യം പ്രകടിപ്പിക്കാതിരുന്ന മന്ത്രി വി അബ്ദുറഹ്‌മാൻ്റെ നിലപാടും സിപിഎമ്മിന് തലവേദനയായിരുന്നു. മണ്ഡലം മാറണമെന്ന അബ്ദുറഹ്‌മാൻ്റെ സമ്മർദ്ദത്തിന് ഒടുവിൽ സിപിഎം വഴങ്ങി. മാറ്റത്തിന് വിധേയമാണല്ലോ എല്ലാമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി നൽകിയത്. സ്ഥാനാർഥി നിർണയ പ്രഖ്യാപനം കഴിഞ്ഞിട്ടും അബ്ദുറഹ്‌മാൻ പ്രചാരണത്തിന് ഇറങ്ങാത്തത് വിവാദമായിരുന്നു.

കൂട്ടരാജിയും പ്രതിഷേധവും- മാരത്തൺ ചർച്ചകളുമായി യുഡിഎഫ്

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫിൽ നിന്നും നിരവധി നേതാക്കളാണ് രാജി വച്ചത്. നീണ്ട ചർച്ചകളും അനുനയ നീക്കങ്ങളുമായി മുന്നേറുകയാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി പാർട്ടി വിട്ടത് കൊട്ടാരക്കര മണ്ഡലത്തിലെ മുൻ സ്ഥാനാർഥിയായ ആർ രശ്മിയാണ്. അയിഷ പോറ്റിയുടെ വരവോടെ സ്ഥാനാർഥിത്വം നഷ്ടപ്പെട്ട അവർ ബിജെപിയിൽ അംഗത്വമെടുത്ത് കൊട്ടാരക്കരയിൽ മത്സരിക്കുകയാണ്. പാർട്ടിയിൽ ആശയവിനിമയത്തിൻ്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് കോൺഗ്രസ് വിട്ടത്. ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകാൻ തീരുമാനിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി കെ സി പ്രീത് തൽസ്ഥാനത്ത് നിന്ന് രാജി വച്ചു. ചിറ്റൂർ അല്ലെങ്കിൽ നെൻമാറ സീറ്റാണ് പ്രീത് പ്രതീക്ഷിച്ചിരുന്നത്.

അടൂരിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ അടൂർ മുനിസിപ്പൽ ചെയർമാനുമായ ബാബു ദിവാകരനും പാർട്ടി വിട്ടിരുന്നു. അടുർ മണ്ഡലത്തിൽ തന്നെ പരിഗണിച്ചില്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം പാർട്ടിവിട്ടത്. നിലവിൽ കുന്നത്തുനാട് നിന്നും ട്വൻ്റി 20യുടെ സ്ഥാനാർഥിയായി മത്സരിക്കുകയാണ്. കരുനാഗപ്പള്ളിയിലെ മുതിർന്ന നേതാവും കെപിസിസി സെക്രട്ടറിയുമായിരുന്ന തൊടിയൂർ രാമചന്ദ്രൻ ഇതേ കാരണം കൊണ്ടാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹ്മാൻ രണ്ടത്താണി ഉയർത്തിയ പ്രതിഷേധവും യുഡിഎഫിന് പ്രശ്‌നമായിരുന്നു. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലി തങ്ങൾ കൂടിക്കാഴ്ച നടത്തി. തുടർന്നാണ് ലീഗിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിച്ചത്.

തിരൂരങ്ങാടിയിൽ പിഎംഎ സമീറിനെ സ്ഥാനാർഥിയാക്കിയതിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയാണ് മുൻ എംഎൽഎയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്‌മാൻ രണ്ടത്താണി രംഗത്ത് വന്നത്. രണ്ടത്താണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി വിട്ടു നൽകാൻ സിപിഐ തയാറായിരുന്നു. വള്ളിക്കുന്നിൽ സീറ്റ് ലഭിക്കാതിരുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയവും പ്രതിഷേധിച്ചിരുന്നു. ഷാഫി ഇടതുപാളയത്തിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, ലീഗ് നേതൃത്വം ഇടപെട്ട് ഷാഫിയെ അനുനയിപ്പിക്കുകയായിരുന്നു.

ആഭ്യന്തര കലഹത്തിൽ ആടിയുലഞ്ഞ് ബിജെപി

തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ബിജെപിയിലും ആഭ്യന്തര കലഹം ഉയർന്നിരുന്നു. മുതിർന്ന നേതാക്കൾക്ക് സീറ്റ് ലഭിക്കാത്തതും അർഹമായ മണ്ഡലങ്ങൾ നൽകാത്തതുമാണ് പ്രതിഷേധത്തിന് കാരണമായത്. തൃശൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് എം ടി രമേശ് വ്യക്തമാക്കിയിരുന്നു. തൃശൂരിൽ ഏറെക്കാലമായി പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു അദ്ദേഹം. തൃശൂരിൽ മൽസരിക്കാനായിരുന്നു എം ടി രമേശിന് താൽപര്യം. അവിടെ പത്മജ സ്ഥാനാർഥിയായി. ആദ്യഘട്ടപട്ടികയിൽ എം ടി രമേശിൻ്റെ പേരുണ്ടായിരുന്നില്ല. സമാനമായ രീതിയിൽ ഗോപാലകൃഷ്ണൻ, ജെ ആർ പത്മകുമാർ തുടങ്ങിയ മുതിർന്ന നേതാക്കളും പട്ടികയിൽ നിന്ന് പുറത്തായതിൽ അതൃപ്തിയിലാണ്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം ഉയർത്തി. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട സ്ഥാനാർഥിയെ തന്നെ വീണ്ടും നിർത്തിയതിൽ പ്രാദേശിക ഘടകത്തിൽ അമർഷം നിലനിൽക്കുന്നു. തൃപ്പൂണിത്തുറ സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയതും ബിജെപി അണികളെ ചൊടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി ജോർജ് കുര്യനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥിയാക്കിയതിനെതിരെ രംഗത്തുവന്ന ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് സസ്‌പെൻഷൻ പിൻവലിച്ചു. ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡൻ്റും മുൻ കോട്ടയം ജില്ലാ പ്രസിഡൻ്റുമായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ നോബിൾ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന കൊടുങ്ങല്ലൂർ സീറ്റിൽ ഉമ്മൻ ചാണ്ടിയുടെ മരുകനും ട്വൻ്റി 20 യുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് വർഗീസ് ജോർജാണ് മത്സരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*